Cricket
രോഹിത്തിന്റെ ഇന്നിങ്‌സ് ഏകദിനത്തിലെ ചരിത്രത്തിലെ ഏറ്റവും മികച്ചത്; പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം
ഏകദിന ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 100 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് നടത്തിയത്.
ഇപ്പോഴിതാ രോഹിത്തിന്റെ ഈ മികച്ച ഇന്നിങ്‌സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍.
ഏകദിനത്തിലെ രോഹിത് ശര്‍മയുടെ പ്രകടനത്തെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ പലപ്പോഴും അദ്ദേഹത്തിന്റെ മൂന്ന് ഇരട്ടസെഞ്ച്വറികളെകുറിച്ചും വേഗത്തില്‍ സെഞ്ച്വറികള്‍ നേടാനുള്ള കഴിവിനെകുറിച്ചുമാണ് പറയാറ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഈ ഇന്നിങ്‌സ് ഏകദേശം ഏറ്റവും മികച്ച ഒന്നായി നിലനില്‍ക്കും,’ സഞ്ജയ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെകുറിച്ചും മഞ്ജരേക്കര്‍ പറഞ്ഞു.
‘മത്സരത്തിലെ പിച്ച് വളരെ വെല്ലുവിളി ഉയര്‍ത്തിയ ഒന്നായിരുന്നു. അപ്പോൾ ജോസ് ബട്‌ലറുടെ തന്ത്രങ്ങള്‍ മികച്ചതായിരുന്നു അപ്പൊള്‍ ഇന്ത്യ സമ്മര്‍ദത്തിലായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.\
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ മുന്‍നിരബാറ്റര്‍മാരെല്ലാം തുടക്കത്തില്‍ തന്നെ കൂടാരം കയറിയപ്പോള്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 101 പന്തില്‍ 87 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. പത്ത് ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. നാലാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനൊപ്പം 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ടീം ടോട്ടല്‍ 230 എന്ന സ്‌കോറില്‍ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയിൽ മുഹമ്മദ് ഷമി നാല് വിക്കറ്റും മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 100 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ക്യാപ്റ്റന്‍ രോഹിതിന്റെ കീഴില്‍ ഇന്ത്യ തുടര്‍ച്ചയായ ആറാം വിജയമാണ് സ്വന്തമാക്കിയത്.
Content Highlight: Sanjay Manjrekar praises Rohit Sharma batting performance.