| Tuesday, 31st December 2024, 9:09 pm

ജസ്പ്രീത് ബുംറയെ ഇനിയൊരിക്കലും മികച്ച താരമെന്ന് വിളിക്കാന്‍ സാധിക്കില്ല; വ്യക്തമാക്കി സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഏറ്റവും മികച്ചത് എന്നര്‍ത്ഥം വരുന്ന ഗ്രേറ്റ് എന്ന വിശേഷണം ഉപയോഗിച്ച് വിളിക്കാന്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇതിനോടകം തന്നെ ബുംറ ഇതിഹാസ താരങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയിലാണ് മഞ്ജരേക്കര്‍ ബുംറയെ പ്രശംസിച്ച് സംസാരിച്ചത്.

‘ഇനിയൊരിക്കലും അവനെ ഗ്രേറ്റ് എന്ന പേരുപയോഗിച്ച് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. അവന്‍ ഈ ഘട്ടം കടന്നിരിക്കുകയാണ്. എല്ലാ മത്സരത്തിലും വിക്കറ്റ് നേടിക്കൊണ്ട് അവന്‍ മറ്റൊരു ലെവലിലെത്തിയിരിക്കുകയാണ്.

മാര്‍കം മാര്‍ഷല്‍, ജോയല്‍ ഗാര്‍ഡ്‌നര്‍, കര്‍ട്‌ലി ആംബ്രോസ് എന്നിവരേക്കാള്‍ മികച്ച ബൗളിങ് ശരാശരിയാണ് ബുംറയ്ക്കുള്ളത്. ഇവരെല്ലാവരും ഇതിഹാസങ്ങളാണ്. വെറും 44 മത്സരങ്ങള്‍ കൊണ്ട് ഇവരെ മറികടക്കുക! ഇത് ആശ്ചര്യകരമായ നേട്ടമാണ്.

അവനെ പ്രശംസിക്കാന്‍ ഞാന്‍ ബ്രാഡ്മാനസ്‌ക് (Bradmanesque) എന്ന വാക്ക് ഉപയോഗിക്കും. അവന്‍ ഒറ്റയ്ക്കാണ് ഓസ്‌ട്രേലിയയെ പോലെ ഒരു ടീമിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടത്,’ മഞ്ജരേക്കര്‍ പറഞ്ഞു.

ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് സമാനമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന താരത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ബ്രാഡ്മാനസ്‌ക്.

തന്റെ ആദ്യ 33 ഇന്നിങ്‌സില്‍ നിന്നുമായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മൈക്ക് ഹസി 84.80 ശരാശരിയില്‍ റണ്‍സ് നേടിയപ്പോള്‍ അദ്ദേഹത്തിന്റെ നേട്ടത്തെ ബ്രാഡ്മാനസ്‌ക് എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചിരുന്നത്.

ഈ വര്‍ഷം 12 മത്സരത്തില്‍ നിന്നും രണ്ട് ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ ഏഴ് സെഞ്ച്വറികള്‍ നേടിയ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യിസംണിന്റെ നേട്ടത്തെയും ഈ പേര് ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നു.

ആദ്യ എട്ട് ടെസ്റ്റ് മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് തൊട്ടുതാഴെയെത്തിയ ശ്രീലങ്കന്‍ സൂപ്പര്‍ താരം കാമിന്ദു മെന്‍ഡിസും ഈ വിശേഷണത്തിന് അര്‍ഹനായിരുന്നു. 13 ഇന്നിങ്‌സില്‍ നിന്നും 91.27 ശരാശരിയില്‍ 1004 റണ്‍സാണ് താരം നേടിയത്. തന്റെ ആദ്യ എട്ട് മത്സരത്തിലെ 14 ഇന്നിങ്‌സില്‍ നിന്നും 93.07 ശരാശരിയില്‍ 1210 റണ്‍സായിരുന്നു ബ്രാഡ്മാന്റെ സമ്പാദ്യം.

അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്താണ് ജസ്പ്രീത് ബുംറ 2024നോട് ഗുഡ് ബൈ പറഞ്ഞത്. ഈ വര്‍ഷത്തെ അവസാന ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയാണ് ബുംറ തിളങ്ങിയത്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ബുംറയുടെ പ്രകടനം മികച്ചു നിന്നു.

രണ്ടാം ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ബുംറ 2024 കലണ്ടര്‍ ഇയറില്‍ തന്റെ വിക്കറ്റ് നേട്ടം 71 ആയി ഉയര്‍ത്തുകയും ചെയ്തു. ഈ വര്‍ഷത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായാണ് ബുംറ ചരിത്രമെഴുതിയത്. 26 ഇന്നിങ്സില്‍ നിന്നും 14.92 ശരാശരിയില്‍ പന്തെറിയുന്ന ബുംറ നാല് തവണ നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണയും സ്വന്തമാക്കി.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാല് മത്സരത്തില്‍ നിന്നും 30 വിക്കറ്റുമായാണ് ജസ്പ്രീത് ബുംറ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 20 വിക്കറ്റുമായി ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് രണ്ടാമന്‍.

12.83 ശരാശരിയിലാണ് ബുംറ ഈ പരമ്പരയില്‍ പന്തെറിയുന്നത്. 28.27 സ്ട്രൈക്ക് റേറ്റുള്ള ബുംറയുടെ എക്കോണമി 2.72 മാത്രമാണ്. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും ബുംറ ഈ പരമ്പരയില്‍ സ്വന്തമാക്കിയിട്ടുണ്ട്.

2024ലെ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കരത്തിനും ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കരത്തിനുമുള്ള ചുരുക്കപ്പട്ടികയില്‍ ബുംറ ഇടം നേടിയിട്ടുണ്ട്. ഈ വര്‍ഷം മികച്ച പ്രകടനം തന്നെ പുറത്തെടുത്ത ബുംറ ഐ.സി.സി പുരസ്‌കാര വേദിയിലും തിളങ്ങുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Sanjay Manjrekar praises Jasprit Bumrah

We use cookies to give you the best possible experience. Learn more