ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ടി-20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. ആദ്യ മത്സരത്തിനുള്ള കോയിന്‍ ഫ്‌ളിപ്പിന് ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്.
ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന കിരീട വരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് രോഹിത് ശര്‍മയും സംഘവും ഒരുങ്ങുന്നത്. റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന വിരാടും ഒരു പറ്റം യുവതാരങ്ങളുമാണ് ലോകകപ്പില്‍ ഇന്ത്യയുടെ കരുത്ത്.
എന്നാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലുള്ള അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് പകരം യുവ താരനിരയുമായി ലോകകപ്പിനെത്തണമായിരുന്നു എന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.
വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യ ഒരു കോംബിനേഷനെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പ്രസ് റൂമിലായിരുന്നു മഞ്ജരേക്കര്‍ ഇക്കാര്യം പറഞ്ഞത്.
‘ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും ഇത്തരത്തില്‍ ടീം സെലക്ട് ചെയ്യുമായിരുന്നില്ല. അല്‍പം കൂടി പ്രായം കുറഞ്ഞ കോര്‍ താരങ്ങളിലായിരിക്കും ഞാന്‍ ഉറച്ചുനില്‍ക്കുക. എന്നാല്‍ ഐക്കണുകളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും തന്നെ ടീമിന്റെ ഭാഗമാക്കാന്‍ സെലക്ടര്‍മാര്‍ തിരുമാനിക്കുകയായിരുന്നു.
അവരിപ്പോള്‍ ടീമിന്റെ ഭാഗമാണ്. വിരാടിന്റെ ഫുള്‍ പൊട്ടെന്‍ഷ്യലും ലഭിക്കണമെന്നതിനാല്‍ അദ്ദേഹത്തെ ഒരിക്കലും മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറക്കാന്‍ സാധിക്കില്ല. രോഹിത് ശര്‍മയും ഓപ്പണിങ്ങില്‍ കളിക്കണം.
ഇക്കാരണത്താല്‍ തന്നെ ഇന്ത്യ രണ്ട് വലം കയ്യന്‍ ബാറ്റര്‍മാര്‍ എന്ന ഒറ്റ കോംബിനേഷനില്‍ തന്നെ കളിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇരുവരും ഓപ്പണിങ്ങില്‍ ഇറങ്ങിയാല്‍ നിര്‍ഭാഗ്യവശാല്‍ ജെയ്‌സ്വാളിന് പുറത്തിരിക്കേണ്ടി വരും.
ഇന്ത്യ വീണ്ടും തങ്ങളുടെ സീനിയര്‍ താരങ്ങളെ വിശ്വസിച്ചിരിക്കുകയാണ്. ഇത് മുന്‍കാലങ്ങളില്‍ ഒരിക്കല്‍ പോലും ഫലവത്തായിരുന്നില്ല. ഇത്തവണയെങ്കിലും ഇത് മികച്ച റിസള്‍ട്ട് തരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,’ മഞ്ജരേക്കര്‍ പറഞ്ഞു.
ജൂണ്‍ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം. ഈസ്റ്റ് മെഡോയില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ട്രാവലിങ് റിസര്‍വ് താരങ്ങള്‍
ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.
ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ
ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ
ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ
ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്
Content highlight: Sanjay Manjrekar criticize the inclusion of Virat Kohli and Rohit Sharma in World Cup squad