| Wednesday, 28th August 2024, 3:19 pm

ഏറ്റവും കൂടുതല്‍ വിശ്രമമെടുക്കുന്ന താരങ്ങളായിട്ടെ അവരെ കാണാന്‍ കഴിയു; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബപര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ ടീമുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും പേസ് ബൗളര്‍ ബുംറയ്ക്കും വിശ്രമം കൊടുത്തിരിക്കുകയാണ് ബി.സി.സി.ഐ.

സീനിയര്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശിനോടും ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടുമുള്ള പരമ്പര വരാനിക്കുകയാണെന്നും അവര്‍ക്ക് പരിക്ക് പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ബി.സി.സി.ഐ അറിയിച്ചത്.

സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്ള പരമ്പരയാണ് അടുത്ത അസൈന്‍മെന്റ്. പ്രധാന താരങ്ങള്‍ക്ക് നീണ്ട വിശ്രമം നല്‍കിയതില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതേ അഭിപ്രായം തന്നെ പറയുകയാണ് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

കഴിഞ്ഞ വര്‍ഷം ഇന്ത്യ 249 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ വിശ്രമം എടുക്കുന്ന ക്രിക്കറ്റ് താരങ്ങളായാണ് താന്‍ അവരെ കാണുന്നതെന്നുമാണ് സഞ്ജയ് പറഞ്ഞത്. കമന്റേറ്റര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിക്കുകയായിരുന്നു.

‘ കഴിഞ്ഞ വര്‍ഷം ഇന്ത്യ 249 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രോഹിത്തിന്റെ പങ്കാളിത്തം 59 ശതമാനവും വിരാടിന്റേത് 61 ശതമാനവും ബുംറയുടേത് 34 ശതമാനവുമാണ്. നന്നായി വിശ്രമിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായാണ് എനിക്ക് അവരെ കാണാന്‍ കഴിയുന്നത്,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

മൂവര്‍ക്കും പുറകെ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ഉമ്രാന്‍ മാലിക്ക് സ്പിന്‍ ബൗളര്‍ രവീന്ദ്ര ജഡേജ എന്നിവരും ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.

ഇനി വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

Content Highlight: Sanjay Manjrekar Criticize Indian Players

We use cookies to give you the best possible experience. Learn more