| Tuesday, 2nd July 2024, 1:37 pm

ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡിന് കോഹ്‌ലി അർഹനല്ല, അവർക്കാണ് നൽകേണ്ടത്: സഞ്ജയ് മഞ്ജരേക്കർ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയിരുന്നു. 2007നു ശേഷം ഇന്ത്യയുടെ നീണ്ട 17 വർഷത്തെ കാത്തിരിപ്പാണ് രോഹിത് ശർമയും സംഘവും അവസാനിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനേ സാധിച്ചുള്ളൂ.

59 പന്തിൽ 76 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇതിനു പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും വിരാട് സ്വന്തമാക്കിയിരുന്നു.

തന്റെ 16ാം പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേട്ടമായിരുന്നു ഇത്. ഇതോടെ ടി-20യിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമായി മാറാനും കോഹ്‌ലിക്ക് സാധിച്ചു.

ഇപ്പോഴിതാ ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടാൻ വിരാട് കോഹ്‌ലി അർഹനല്ലെന്നും അതിന് അർഹൻ ഒരു ഇന്ത്യൻ ബൗളർ ആണെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയിലെ ഷോയിലൂടെ പ്രതികരിക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കർ.

‘കോഹ്‌ലി ഫൈനലിൽ ആ ഇന്നിങ്സ് കളിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബാറ്ററായ ഹർദിക് പാണ്ഡ്യക്ക്‌ രണ്ട് മാത്രമേ ലഭിച്ചുള്ളൂ. കോഹ്‌ലിയുടെ ഇന്നിങ്സ് മത്സരത്തിൽ ഇന്ത്യയെ ഒരു കഠിനമായ തലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. മത്സരത്തിൽ 90 ശതമാനം വിജയ സാധ്യതകളും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട നിലയിലായിരുന്നു. 128 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത കോഹ്‌ലി ഇന്ത്യയെ മികച്ച വഴിത്തിരിവിലേക്ക് കൊണ്ടുവന്നെങ്കിലും യഥാർത്ഥത്തിൽ ബൗളർമാർ കാരണമാണ് ഇന്ത്യ വിജയിച്ചത്,’ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർ രണ്ടു വീതം വിക്കറ്റും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി തകർപ്പൻ പ്രകടനം നടത്തിയപ്പോൾ സൗത്ത് ആഫ്രിക്കക്ക് ഏഴ് റൺസ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.

Content Highlight: Sanjay Manjereker Talks about Virat Kohli POTM Award In the T20 World Cup

We use cookies to give you the best possible experience. Learn more