| Wednesday, 11th October 2023, 10:32 am

വ്യക്തിപരമായി നിരാശയുണ്ട്, അവനില്ലെങ്കിലും ഇന്ത്യൻ ടീം സ്ട്രോങ്ങാണ്: സഞ്ജയ് മഞ്ജരേക്കർ

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടാൻ ഒരുങ്ങികഴിഞ്ഞു. ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ വിശ്രമത്തിലായതിനാൽ ഈ മത്സരം നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ.  ഈ സാഹചര്യത്തിൽ ഗില്ലിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഗില്ലിന്റ അഭാവം നിരാശയുണ്ടാക്കിയെന്നും എന്നാൽ അദ്ദേഹം ഇല്ലെങ്കിലും മറ്റെല്ലാ എതിരാളികളെയും തോൽപ്പിക്കാനുള്ള ശക്തമായ ടീം ഇന്ത്യക്ക് ഉണ്ടെന്നുമാണ്‌ മഞ്ജരേക്കർ പറഞ്ഞത്.

‘ഗില്ലിന്റ അഭാവത്തിൽ വ്യക്തിപരമായി നിരാശയുണ്ട്. ഗിൽ ഇല്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിൽ മറ്റ് താരങ്ങളുണ്ട്. ആദ്യ മത്സരത്തിൽ നമ്മൾ അത് കണ്ടതാണ്. ഗിൽ ഇല്ലെങ്കിലും എല്ലാ എതിരാളികളെയും തോൽപ്പിക്കാനുള്ള ശക്തമായ ടീം ഇന്ത്യക്കുണ്ട്,’ മഞ്ജരേക്കർ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.

‘ശുഭ്മൻ കൂടി ടീമിലേക്ക് വന്നാൽ ഇന്ത്യ കൂടുതൽ ശക്തമാവും. ഇപ്പോൾ ആരാധകരും, ഗ്രൗണ്ടിൽ വരുന്നവരും, ടി.വിയിൽ കളി കാണുന്നവരുമെല്ലാം അവനെ മിസ് ചെയ്യും. കാരണം അവന്റെ കളി കാണാൻ നല്ല രസമാണ്‌. എന്നാൽ അവന്റെ അഭാവം ടീമിനെ കൂടുതൽ പ്രശ്നങ്ങളിൽ ആക്കുമെന്ന് ഞാൻ കരുതുന്നില്ല,’ സഞ്ജയ് കൂട്ടിച്ചേർത്തു.

പനി കാരണം ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരവും ഗില്ലിന് നഷ്ടമായിരുന്നു. തുടർന്ന് താരത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അഫ്ഗാനെ നേരിടാൻ ദൽഹിയിലേക്ക് പോയ ടീമിനൊപ്പം ഗിൽ ഉണ്ടായിരുന്നില്ല.

ലോകകപ്പിൽ ഇന്ത്യൻ ബാറ്റിങ്ങിൽ വലിയ പ്രതീക്ഷയുള്ള താരമായിരുന്നു ഗിൽ. 2023ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ശുഭ്മൻ ആയിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലും ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയൻ പരമ്പരയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

എന്നാൽ പെട്ടെന്നുണ്ടായ പനിയാണ് താരത്തിന് തിരിച്ചടിയായത്. ആരോഗ്യം വീണ്ടെടുത്ത് ഗിൽ ടീമിലേക്ക് അതിവേഗം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Sanjay Manjereker talks about Shubman Gill

We use cookies to give you the best possible experience. Learn more