| Thursday, 4th August 2022, 4:56 pm

അവനെ തുരത്താനുള്ള ലൈനും ലെങ്തും ഇനി കണ്ടുപിടിക്കണം, അജ്ജാതി കളിയല്ലെ; ഇന്ത്യന്‍ ബാറ്ററെ പുകഴ്ത്തി സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ മൂന്ന് മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുന്നിലാണ്. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലുമായിരുന്നു ഇന്ത്യ വിജയിച്ചത്.

ഓപ്പണിങ് പുതിയ പരീക്ഷണമാണ് ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തില്‍ നടത്തിയത്. മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ് ഇറക്കിയാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത്. ഇന്ത്യ നടത്തിയ പരീക്ഷണം മികച്ച വിജയമായിരുന്നു.

മൂന്നാം മത്സരത്തില്‍ സൂര്യ നടത്തിയ വെടിക്കെട്ടായിരുന്നു ഇന്ത്യയെ ജയിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 164 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19 ഓവറില്‍ മത്സരം വിജയിക്കുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനായി കൈല്‍ മഴേയ്‌സ് 50 പന്ത് നേരിട്ട് 73 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ മത്സരം കയ്യിലൊതുക്കുകയായിരുന്നു. 44 പന്തില്‍ 76 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. എട്ട് ഫോറും നാല് സിക്സുമടങ്ങിയതായിരുന്നു സൂര്യയുടെ ഇന്നിങ്സ്.

തുടക്കം മുതലെ ആക്രമിച്ച് കളിച്ച അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും ഷോട്ടുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നു. തുടക്കത്തില്‍ പരിക്കേറ്റ് ക്രീസ് വിട്ട് പോയ രോഹിത്തിന് ശേഷം വന്ന അയ്യരിനെ കാഴ്ചക്കാരനാക്കിയായിരുന്നു സൂര്യ തന്റെ വെടിക്കെട്ട് നടത്തിയത്. മറുവശത്ത് അയ്യര്‍ പതറുമ്പോഴായിരുന്നു സൂര്യയുടെ അഴിഞ്ഞാട്ടം.

ഓപ്പണിങ് ഇറങ്ങിയ സൂര്യ 15ാം ഓവറില്‍ ടീം സ്‌കോര്‍ 135 റണ്‍സില്‍ നില്‍ക്കെയാണ് ക്രീസില്‍ നിന്നും മടങ്ങിയത്. 165 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അപ്പോഴേക്കും വിജയം ഉറപ്പിച്ചിരുന്നു. സൂര്യ തന്നെയായിരുന്നു മത്സരത്തിലെ താരവും. മത്സരത്തിന് ശേഷം അദ്ദേഹത്തെ ഒരുപാട് പേര്‍ പ്രശംസിച്ചിരുന്നു. ട്വന്റി-20 റാങ്കിങ്ങില്‍ കുതിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. നിലവില്‍ ബാബറിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം.

മൂന്നാം മത്സരത്തിലെ പ്രകടനത്തിന് ശേഷം അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍ .

കഴിഞ്ഞ മൂന്നാല് കൊല്ലമായുള്ള സൂര്യയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹത്തിനെ നിലവില്‍ പൂട്ടാന്‍ സാധിക്കുന്ന ബൗളര്‍മാരൊന്നുമില്ലെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ 5 വര്‍ഷത്തോളമായി ബാറ്റര്‍ എന്ന നിലയിലുള്ള സൂര്യയുടെ വളര്‍ച്ച അസാധാരണമാണ്! കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌ക്വയര്‍ ലെഗിന് മുകളിലുള്ള ഫ്‌ലിക്ക് അദ്ദേഹത്തിന്റെ പ്രത്യേക ഷോട്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് നിരവധിയുണ്ട് വ്യത്യസ്തമായ ഷോട്ടുകളുണ്ട്. നിലവില്‍ സൂര്യയെ പൂട്ടാന്‍ സാധിക്കുന്ന ലൈനും ലെങ്തും ക്രിക്കറ്റിലില്ല,’ മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

വിന്‍ഡീസിനെതിരെ മൂന്ന് മത്സരത്തില്‍ 111 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്നതും സൂര്യയാണ്. 170 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് വീശിയത്.

Content Highlights: Sanjay Manjerakkar praises Suryakumar Yadav in twitter

We use cookies to give you the best possible experience. Learn more