ഗംഭീറിന്റെ നായകമികവ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല; ബാറ്റിങ്ങ് നിരയുടെ പരാജയമാണ് ഡല്‍ഹിയുടെ തിരിച്ചടി: സഞ്ജയ് മഞ്ജരേക്കര്‍
ipl 2018
ഗംഭീറിന്റെ നായകമികവ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല; ബാറ്റിങ്ങ് നിരയുടെ പരാജയമാണ് ഡല്‍ഹിയുടെ തിരിച്ചടി: സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th April 2018, 9:47 am

 

മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ തുടര്‍ തോല്‍വികളില്‍ ഉലയുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായക സ്ഥാനം കഴിഞ്ഞദിവസമായിരുന്നു ഗൗതം ഗംഭീര്‍ രാജിവെച്ചത്. ടീമിന്റെ മോശം പ്രകടനത്തെതുടര്‍ന്നായിരുന്നു ഗംഭീര്‍ നായക സ്ഥാനം രാജിവെച്ചതും ഉപനായകന്‍ ശ്രേയസ് അയ്യരെ നായകനായി പ്രഖ്യാപിച്ചതും. എന്നാല്‍ ഇതിനു പിന്നാലെ ഗംഭീറിന്റെ നായകത്വത്തെ ആരും ചോദ്യം ചെയ്തില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍

ബാറ്റിങ് നിരയുടെ പരാജയമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ തിരിച്ചടിക്കു കാരണമെന്നും ഗൗതം ഗംഭീറിന്റെ നായകമികവ് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. “ഗ്ലെന്‍ മാക്‌സ്വെലിന്റെ ഫോമില്ലായ്മ ഡല്‍ഹിയെ ബാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ പരാജയപ്പെടുമ്പോള്‍ റണ്‍സെടുക്കേണ്ടതിന്റെ അധിക ഉത്തരവാദിത്തം കൂടി ഗംഭീറിന്റെ തലയിലാകുന്നു.”

“ബാറ്റ്‌സ്മാന്‍ എന്നതിലുപരി ക്യാപ്റ്റന്‍സിയുടെ പേരിലാണു ഗംഭീര്‍ ടീമിലെത്തിയത്. ബാറ്റിങ് സംഘം എന്ന നിലയില്‍ ഡല്‍ഹി പരാജയപ്പെട്ടതോടെ ഗംഭീര്‍ എന്ന ബാറ്റ്‌സ്മാന്റെ പ്രകടനവും വിലയിരുത്തപ്പെടുന്നു. ക്യാപ്റ്റന്‍സി ഒരു പ്രശ്‌നമാണെന്ന് എനിക്കു തോന്നിയിട്ടില്ല. എങ്കിലും തിരിച്ചുവരാന്‍ ഡല്‍ഹി എന്തെങ്കിലും ചെയ്‌തേ പറ്റൂ.” മഞ്ജരേക്കര്‍ പറഞ്ഞു.

നിലവില്‍ 6 മത്സരം കളിച്ച ഡല്‍ഹിക്ക് ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ബാക്കി അഞ്ചിലും ദയനീയ പരാജയമാണ് ടീം ഏറ്റുവാങ്ങിയത്. നേരത്തെ പരിശീലകന്‍ റിക്കി പോണ്ടിങ്, പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സി.ഇ.ഒ ഹേമന്ത് ദുവ എന്നിവര്‍ക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ഗംഭീര്‍ പരസ്യമാക്കിയത്.

ഐ.പി.എല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന ഗംഭീര്‍, പിന്നീടുള്ള ഏഴ് സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്നു. 2.8 കോടി രൂപ മുടക്കിയാണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ വര്‍ഷം ഗംഭീറിനെ സ്വന്തമാക്കിയത്.

2011 ലും 2014 ലും കൊല്‍ക്കത്തയെ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ഗംഭീര്‍ 148 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 31.78 ശരാശരിയില്‍ 4132 റണ്‍സുകള്‍ നേടിയിട്ടുണ്ട്. പത്ത് സീസണ്‍ പിന്നിടുന്ന ഐ.പി.എല്ലില്‍ 35 തവണ അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്.