Cricket
പന്ത് വേണ്ട, സഞ്ജു മതി! ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റിന് പിന്നിൽ അവനുണ്ടാവണം: മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 20, 10:08 am
Saturday, 20th April 2024, 3:38 pm

വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഏതെല്ലാം താരങ്ങള്‍ ഇടം നേടും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. റിഷബ് പന്ത്, റിങ്കു സിങ്, സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍, കെ.എല്‍ രാഹുല്‍ തുടങ്ങിയ ഒരുപിടി വമ്പന്‍ താരനിരയാണ് ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ മത്സരിക്കുന്നത്.

ഇപ്പോഴിതാ വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഏതു താരമാണ് ഇന്ത്യയുടെ വിക്കറ്റിന് പിന്നില്‍ ഉണ്ടാവേണ്ടതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. റിഷബ് പന്തല്ല മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആണ് ഇന്ത്യയുടെ വിക്കറ്റിന് പിന്നില്‍ ഉണ്ടാവേണ്ടതെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.

‘സഞ്ജു സാംസണ്‍ ഇപ്പോള്‍ പഴയ സഞ്ജു അല്ല ബാറ്റര്‍ എന്ന നിലയില്‍ അവന്‍ ഒരുപാട് മെച്ചപ്പെട്ടു കഴിഞ്ഞു. കളത്തില്‍ അവന്‍ കൂടുതല്‍ പക്വതയോടെയാണ് ഇപ്പോള്‍ കളിക്കുന്നത്. ബാറ്റിങ്ങില്‍ നല്ല സ്ഥിരതയോടെയാണ് അവന്‍ കളിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച ഫോമിലുള്ള പന്തിനെ ഇന്ത്യന്‍ ടീം ലോകകപ്പില്‍ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ല,’ സഞ്ജയ് മഞ്ചരേക്കര്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ ആറ് മത്സരങ്ങളില്‍ നിന്നും 276 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അടിച്ചെടുത്തത്. 155.06 സ്‌ട്രൈക്ക് റേറ്റിലും 55.2 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്. വരും മത്സരങ്ങളിലും ഈ തകര്‍പ്പന്‍ പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളിലും പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സഞ്ജുവിന്റെ കീഴില്‍ സ്വപ്ന തുല്യമായ മുന്നേറ്റമാണ് രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ നടത്തുന്നത്. നിലവില്‍ ഏഴു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറുവിജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സഞ്ജുവും സംഘവും.

ഏപ്രില്‍ 22ന് രാജസ്ഥാന്റെ തട്ടകമായ സവയ് മാന്‍സിങ്ങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍.

അജിത്ത് അഗാര്‍ക്കറിന്റെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മെയ് ഒന്നിനാണ് ഇന്ത്യന്‍ ടി-20 ലോകകപ്പിനുഉള്ള ടീമിനെ പ്രഖ്യാപിക്കുക. ഏതെല്ലാം താരങ്ങള്‍ ടീമില്‍ ഇടം നേടുമെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Sanjay Manjareker talks Sanju Samson should be include t20 World cup Indian Squad