ഐ.സി.സി ടി-20ലോകകപ്പ് ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. രോഹിത് ശര്‍മയുടെ കീഴില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് ടൂര്‍ണമെന്റിലേക്ക് വരവറിയിച്ചത്. ജൂണ്‍ ഒമ്പതിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇപ്പോഴിതാ ഇന്ത്യന്‍ പ്ലെയിങ് ഇലവനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ശിവം ദുബെ ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമാക്കണമെന്നാണ് സഞ്ജയ് പറഞ്ഞത്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ശിവം ദുബെ ബൗള്‍ ചെയ്യുന്നില്ലെങ്കില്‍ സഞ്ജുവിനെ ഒരു ബാറ്ററായി കളിപ്പിക്കണം. രാജ്യാന്തരതലത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഒരു താരമാണ് സഞ്ജു,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ലോകകപ്പിനു മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ സഞ്ജു സാംസണ്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് ഇറങ്ങിയിരുന്നു. എന്നാല്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല. ഒരു റണ്‍സ് നേടി കൊണ്ടായിരുന്നു സഞ്ജു മടങ്ങിയത്.
അതേസമയം 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു സാംസണ്‍ നടത്തിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജസ്ഥാനെ രണ്ടാം ക്വാളിഫയര്‍ വരെ എത്തിക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു.
ബാറ്റിങ്ങിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 531 റണ്‍സാണ് സഞ്ജു ഐ.പി.എല്ലില്‍ അടിച്ചുകൂട്ടിയത്. 48.27 ആവറേജിലും 153. 47 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
Content Highlight: Sanjay Manjareker talks about Sanju Samson