ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ വരുമെന്ന് ആകാംക്ഷ നിറഞ്ഞ ചോദ്യമായിരുന്നു. ടീമില്‍ ഒരു സ്ഥാനം നേടാന്‍ ശ്രമിച്ച ഒരുപാട് താരങ്ങള്‍ക്ക് അതിന് സാധിച്ചില്ല.
ടീമിന്റെ ചില സെലക്ഷനെതിരെ മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും രംഗത്തെത്തിയിരുന്നു. കൂടുതല്‍ ആളുകളും പേസ് ബൗളിങ്ങിനെതിരെയാണ് രംഗത്ത് വന്നതെങ്കില്‍ മുന്‍ ഇന്ത്യന്‍ ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ നിരീക്ഷിക്കുകയാണിവിടെ.
പേസ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് വീക്കാണെന്നാണ് മഞ്ജരേക്കറിന്റെയും അഭിപ്രായം. എന്നാല്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും വേണ്ടത്ര റിച്ച്‌നസില്ലെന്ന് അദ്ദേഹം പറഞ്ഞു. യുസ്വേന്ദ്ര ചഹല്‍ ഇന്ത്യയുടെ ആദ്യ സ്പിന്നറാകുമെന്ന് ഏകദേശമുറപ്പാണ്. എന്നാല്‍ രണ്ടാം സ്പിന്നര്‍ ആരാകുമെന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
വിന്‍ഡീസിനെതിരെയുള്ള അഞ്ചാം ട്വന്റി-20യില്‍ ചൈനമന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തിരുന്നു. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത് ടീമിന് സന്തോഷകരമായ തലവേദന സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മഞ്ജരേക്കറിന്റെ അഭിപ്രായം.
‘ഇന്ത്യ സമീപ മാസങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്, അത് ഫലം കണ്ടു, പ്രത്യേകിച്ച് സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍. അവസരം ലഭിച്ചപ്പോള്‍ അശ്വിന്‍ മികച്ച പ്രകടനം നടത്തി, രവി ബിഷ്ണോയിയുടെയും അക്‌സര്‍ പട്ടേലിന്റെയും കാര്യവും അങ്ങനെതന്നെ. ഇപ്പോള്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ കുല്‍ദീപ് യാദവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതിനാല്‍ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ലോകകപ്പ് ടീമിലും കുല്‍ദീപിന് ഇടമുണ്ടാകാന്‍ സാധ്യതയില്ലെന്ന് മഞ്ജരേക്കര്‍ പറയുന്നു. ചഹലിന്റെ കൂടെ ആര്‍. അശ്വിനോ അക്‌സര്‍ പട്ടേലോ ആയിരിക്കും കളിക്കാന്‍ സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മികച്ച തിരിച്ചുവരവാണ് കുല്‍ദീപ് നടത്തിയത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ടീമില്‍ കളിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യക്ക് കൂടുതല്‍ നിയന്ത്രണമുള്ള ബൗളര്‍മാരെയാണ് ആവശ്യം. അതിനാണ് ടീമില്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍. രവി ബിഷ്‌ണോയ് വരെ കുല്‍ദീപിനേക്കാള്‍ ടീമിലിടം നേടാന്‍ സാധ്യതയുള്ള താരമാണ്,’ മഞ്ജര്ക്കര്‍ പറഞ്ഞു.