ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എന്നിരുന്നാലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ബാറ്റര്‍ വിരാട് കോഹ്‌ലിക്കും മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. രോഹിത് ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സും നേടിയപ്പോള്‍ വിരാട് 6, 17 എന്ന സ്‌കോറിലുമാണ് പുറത്തായത്.
ഇപ്പോള്‍ ഇരുവര്‍ക്കുമെതിരെ കനത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍. ഇരുവരും ദുലീപ് ട്രോഫിയില്‍ കളിക്കാത്തതിലും ബി.സി.സി.ഐ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിലുമാണ് സഞ്ജയ് രംഗത്ത് വന്നത്. ഇ.എസ്.പി.എന്‍ ക്രിക്കറ്റ് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.
‘എനിക്ക് അവരെക്കുറിച്ച് ആശങ്കയില്ല, പക്ഷെ 2024ലെ ദുലീപ് ട്രോഫിയില്‍ റെഡ് ബോളില്‍ പരിശീലനം നടത്തിയിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും നല്ലതായിരുന്നു. ചില കളിക്കാരെ വ്യത്യസ്തമായി പരിഗണിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനും കളിക്കാര്‍ക്കും എങ്ങനെയാണ് നല്ലതാവുന്നത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്. സെപ്റ്റംബര്‍ 27ന് കാണ്‍പൂരിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്. രോഹിതും കോഹ്‌ലിയും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
Content Highlight: Sanjay Manjarekar Talking about Virat Kohli And Rohit Sharma