ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റിന് വേദിയാകുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ആര്‍. അശ്വിന്റെ തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനവും റിഷബ് പന്ത്, ശുഭ്മന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍. ബി.സി.സി.ഐ ഇരുവര്‍ക്കും നല്‍കുന്ന പ്രത്യേക പരിഗണനയും ദുലീപ് ട്രോഫിയില്‍ ഇരുവരും കളിക്കാത്തതിനെയുമാണ് മഞ്ജരേക്കര്‍ ചോദ്യം ചെയ്യുന്നത്.
‘എനിക്ക് അവരെക്കുറിച്ച് ആശങ്കയൊന്നും തന്നെയില്ല. പക്ഷെ 2024ലെ ദുലീപ് ട്രോഫിയില്‍ റെഡ് ബോളില്‍ പരിശീലനം നടത്തിയിരുന്നെങ്കില്‍ അത് രണ്ട് പേര്‍ക്കും ഗുണകരമായി മാത്രമേ വരികയുണ്ടായിരുന്നുള്ളൂ. ചില കളിക്കാരെ മാത്രം വ്യത്യസ്തമായി പരിഗണിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനും കളിക്കാര്‍ക്കും എങ്ങനെയാണ് ഗുണകരമാവുന്നത്.
അവര്‍ക്ക് മികച്ച ക്ലാസുണ്ട്. വരാനിരിക്കുന്ന ഗെയിമുകളില്‍ അവര്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. വളരെക്കാലമായി അവര്‍ ഫോമിലല്ല, അവര്‍ തിരിച്ചുവരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
Content Highlight: Sanjay Manjarekar slams Rohit Sharma and Virat Kohli