വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറില്‍ കളിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് സൂര്യകുമാര്‍ യാദവിന് റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള വഴി തുറക്കുന്നത്.
ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് മിഡില്‍ ഓര്‍ഡറില്‍ തരംഗമാകാന്‍ സാധ്യതയുള്ള മറ്റ് ബാറ്റര്‍മാര്‍. എന്നാല്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാറിനെയാണ് മഞ്ജരേക്കര്‍ പിന്തുണക്കുന്നത്.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജരേക്കര്‍ ഇക്കാര്യം പറഞ്ഞത്.
‘ഭരത് ആറാം നമ്പറില്‍ ഇറങ്ങുമെന്നും സൂര്യകുമാര്‍ യാദവ് ആദ്യ ടെസ്റ്റ് കളിക്കുമെന്നുമാണ് എനിക്ക് തോന്നുന്നത്. സൂര്യകുമാര്‍ 79 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതുല്യമായ ഒരു കരിയറാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവന്‍ ഏറെ കാലമായി ഇവിടെ തന്നെ ഉണ്ടായിരുന്നു.
സ്‌ക്വാഡില്‍ അധികം ഓപ്ഷനുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അവന്‍ കളിക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ സിക്‌സര്‍ അടിക്കേണ്ടതില്ല എന്ന് അല്‍പനേരത്തേക്ക് അവന്‍ ചിന്തിച്ചാല്‍ പോലും 120 സ്‌ട്രൈക്ക് റേറ്റില്‍ അവന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും.
അവന്‍ വെറും സിക്‌സറടിക്കുന്നവന്‍ മാത്രമല്ല, മികച്ച സ്വീപ് ഷോട്ടുകള്‍ കളിക്കാനും സൂര്യകുമാറിന് സാധിക്കും. എതിര്‍ ടീമിലെ സ്പിന്നര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന മികച്ച ഷോട്ട് ആണത്,’ അദ്ദേഹം പറഞ്ഞു.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സൂര്യകുമാറിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനാകും ഒരുപക്ഷേ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സാക്ഷിയാകുന്നത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ക്ക് ടെസ്റ്റിലും അതാവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് മാനേജ്‌മെന്റും ആരാധകരും ഉറച്ചുവിശ്വസിക്കുന്നത്.
രഞ്ജിയില്‍ മുംബൈയുടെ താരമാണ് സൂര്യകുമാര്‍ യാദവ്. മുംബൈക്കായി 79 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 132 ഇന്നിങ്‌സ് കളിച്ച സൂര്യകുമാര്‍ 5549 റണ്‍സ് നേടിയിട്ടുണ്ട്.
44.75 ശരാശരിയില്‍ സ്‌കോര്‍ അടിച്ചെടുത്ത് സൂര്യകുമാറിന്റെ ഉയര്‍ന്ന സ്‌കോര്‍ 200 ആണ്. 14 തവണ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ 28 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
Content highlight: Sanjay Manjarekar about Suryakumar Yadav