ഇത്തവണ ആര്‍.സി.ബി കപ്പടിക്കും, കപ്പടിക്കാതെ പോകില്ല; പ്രവചിച്ച് മുന്‍ സൂപ്പര്‍ താരം
Cricket news
ഇത്തവണ ആര്‍.സി.ബി കപ്പടിക്കും, കപ്പടിക്കാതെ പോകില്ല; പ്രവചിച്ച് മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th March 2023, 11:09 am

ഇത്തവണ വിരാട് കോഹ്‌ലിയും അദ്ദേഹത്തിന്റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഐ.പി.എല്ലില്‍ വിജയക്കൊടി പാറിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇത്തവണ ബാംഗ്ലൂരിന്റേത് മികച്ച ബൗളിങ് ലൈനപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.പി.എല്‍ 2023 എഡിഷന് മുന്നോടിയായി ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയോട് സംസാരിക്കവെയാണ് മഞ്ജരേക്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘കിരീടം നേടണമെന്ന വിരാട് കോഹ്‌ലിയുടെ സ്വപ്‌നം ഇത്തവണ സാക്ഷാത്കരിക്കപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ക്ക് ഒരു ഗംഭീര ബൗളിങ് നിരയാണ് ഇത്തവണയുള്ളത്. ഡുപ്ലെസി ബാറ്റിങ്ങില്‍ തിളങ്ങുകയാണെങ്കില്‍ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടാന്‍ വലിയ സാധ്യതയുണ്ട്,’ മഞ്ജരേക്കര്‍ പറഞ്ഞു.

ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം ഇത്തവണ പ്ലേഓഫിലേക്കെത്താന്‍ കൂടുതല്‍ സാധ്യതയുള്ളതെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

 

മാര്‍ച്ച് 31നാണ് ഐ.പി.എല്‍ 16ാം എഡിഷന് തുടക്കമാകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഏപ്രില്‍ രണ്ടിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം.

കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിരുന്നില്ല. 16 കളികളില്‍ നിന്ന് 22.73 ശരാശരിയില്‍ 341 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. 115.99 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

കഴിഞ്ഞ സീസണില്‍ മൂന്ന് തവണ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം മികച്ച ഫോമിലേക്കുയര്‍ന്നത് ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കുന്നു. വര്‍ഷങ്ങള്‍ നീണ്ട സെഞ്ച്വറി വരള്‍ച്ചക്ക് താരം അടുത്തിടെ അന്ത്യം കുറിച്ചിരുന്നു.

Content Highlights: Sanjay manjarekar about royal challeners banglore