| Saturday, 30th December 2023, 11:04 am

വിരാടായിരുന്നു ക്യാപ്റ്റനെങ്കില്‍ ഇന്നിങ്‌സ് തോല്‍വിക്ക് ശേഷവും അവന്‍ ടീമിലുണ്ടാകുമായിരുന്നില്ല; തുറന്നടിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വിയായിരുന്നു വഴങ്ങേണ്ടി വന്നത്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.

ആദ്യ ഇന്നിങ്‌സില്‍ 163 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ വെറും 131 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതില്‍ 76 റണ്‍സ് നേടിയതും വിരാട് കോഹ്‌ലിയാണ്.

ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ വിരാട് കോഹ്‌ലി ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് ഈ പ്രകടനം പുറത്തെടുത്തത് എങ്കില്‍ താരം ഉറപ്പായും രണ്ടാം ടെസ്റ്റ് കളിക്കില്ലെന്നും മഞ്ജരേക്കര്‍ പറയുന്നു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയില്‍ നടന്ന പരിപാടിക്കിടെ മഞ്ജരേക്കര്‍ പറഞ്ഞു.

പ്രിസിദ്ധിന് പകരം മുകേഷ് കുമാറിനെ കളിപ്പിക്കാനാണ് തീരുമാനിക്കുന്നതെങ്കിലും ആരാധകര്‍ക്ക് പ്രശ്‌നമുണ്ടാകില്ല എന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘മുകേഷ് കുമാര്‍ രണ്ടാം ടെസ്റ്റ് കളിക്കുകയാണെങ്കില്‍ ആരാധകര്‍ക്ക് അതൊരു പ്രശ്‌നമായിരിക്കും എന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ നെറ്റ്‌സിലെ പ്രകടനങ്ങളും കണക്കാക്കും.

എന്നാല്‍ പ്രസിദ്ധിനെ കളിപ്പിക്കാന്‍ തന്നെയാകും മാനേജ്‌മെന്റ് തീരുമാനിക്കുക. കാരണം താരങ്ങള്‍ക്ക് ലോങ് റണ്‍ നല്‍കണമെന്ന നിലപാടാണ് അവര്‍ക്കുള്ളത്.

എന്നാല്‍ വിരാട് കോഹ്‌ലി – രവി ശാസ്ത്രി യുഗത്തിലായിരുന്നു ഇത് സംഭവിച്ചതെങ്കില്‍ ഒരു ദയയും പ്രസിദ്ധ് പ്രതീക്ഷിക്കേണ്ടി വരില്ല, നിഷ്‌കരുണം അവര്‍ പ്രസിദ്ധിനെ തള്ളിക്കളയും. ഈ പ്രകടനത്തിന് പിന്നാലെ വിരാടും രവിയും (രവി ശാസ്ത്രി) അവനെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കുമായിരുന്നു,’ മഞ്ജരേക്കര്‍ പറഞ്ഞു.

‘എന്നാല്‍ രോഹിത്തും രാഹുലും (രാഹുല്‍ ദ്രാവിഡ്) അവന് മറ്റൊരു അവസരം നല്‍കാനുള്ള സാധ്യതയുമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധിന് ആദ്യ ടെസ്റ്റില്‍ വേണ്ട പോലെ തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

ആദ്യ ഇന്നിങ്‌സില്‍ രണ്ട് മെയ്ഡന്‍ അടക്കം 20 ഓവര്‍ പന്തെറിഞ്ഞ പ്രസിദ്ധ് 93 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്‌നെയെയാണ് താരം പുറത്താക്കിയത്. 4.65 എന്ന എക്കോണമിയാണ് താരത്തിന് ഉണ്ടായിരുന്നത്.

പ്രസിദ്ധിനേക്കാള്‍ മോശം എക്കോണമിയില്‍ പന്തെറിഞ്ഞ ഷര്‍ദുല്‍ താക്കൂര്‍ ബാറ്റ് ചെയ്യും എന്ന കാരണത്താല്‍ രണ്ടാം ടെസ്റ്റില്‍ ടീമിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

‘ഷര്‍ദുല്‍ താക്കൂറിന് ബാറ്റ് ചെയ്യാന്‍ സാധിക്കും. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീമിന് ആശങ്കയുള്ളതിനാലും താക്കൂറിന് വിദേശ പിച്ചുകളില്‍ കളിച്ച് പരിചയമുള്ളതിനാലും അവന്‍ രണ്ടാം ടെസ്റ്റില്‍ ടീമിന്റെ ഭാഗമാകും,’ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. കേപ്ടൗണാണ് വേദി.

Content Highlight: Sanjay Manjarekar about Prasidh Krishna

Latest Stories

We use cookies to give you the best possible experience. Learn more