| Saturday, 9th July 2022, 7:13 pm

കപില്‍ ദേവിന് പോലും സാധിച്ചിട്ടില്ല, അവനെക്കൊണ്ട് ബൗള്‍ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, അവന്റെ ബൗളിങ് ഓര്‍ത്ത് പേടിയുണ്ട്; ഹര്‍ദിക്കിനെതിരെ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പത്ത് ഓവറുകളും നല്‍കാനൊരുങ്ങുന്ന തീരുമാനത്തോട് വിയോജിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഹര്‍ദിക്കിന് മുഴുവന്‍ ഓവറുകളും എറിയാന്‍ നല്‍കുന്നത് ഒരു മികച്ച തീരുമാനമായി തനിക്ക് തോന്നുന്നില്ല എന്നായിരുന്നു താരം പറഞ്ഞത്.

ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ടി-20യില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കുന്ന ഹര്‍ദിക്കിനെ ആറാം ബൗളറായി തന്നെയാവും ഇന്ത്യ പരിഗണിക്കുന്നത്.

സ്‌പോര്‍ട്‌സ് 18നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അക്കാര്യത്തില്‍ ഞാന്‍ ആശങ്കാകുലനാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പര്യടനത്തില്‍ അവനെ ഉള്‍പ്പെടുത്തുന്നത് മികച്ച നീക്കമായി ഞാന്‍ കാണുന്നില്ല. ഒരു ഓള്‍റൗണ്ടറെ സംബന്ധിച്ച് 50 ഓവര്‍ വളരെ കഠിനമായിരിക്കും. അത് അവരില്‍ നിന്നും പലതും ആവശ്യപ്പെടുന്നുണ്ട്,’ മഞ്ജരേക്കര്‍ പറഞ്ഞു.

ഹര്‍ദിക്കിനെ സംബന്ധിച്ച് പത്ത് ഓവര്‍ എറിയുക എന്നത് ഏറെ കഠിനകരമാണെന്നും താരം പറയുന്നു.

‘മൂന്നര മണിക്കൂറിനുള്ളിലാണ് നിങ്ങള്‍ പത്ത് ഓവര്‍ എറിയുന്നത് എന്ന കാര്യം ഓര്‍ക്കണം. ഇത് വളരെയധികം ശ്രമകരമാണ്. നിങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുകയും ഇന്നിങ്‌സിന്റെ അവസാനത്തേക്ക് ഔട്ടാവാതെ നില്‍ക്കുകയാണെന്ന് സങ്കല്‍പിക്കുക. അതിന് ശേഷം വീണ്ടും പത്ത് ഓവര്‍ എറിയുക എന്ന കാര്യം ശാരീരികപരമായി ഏറെ വെല്ലുവിളിയുണര്‍ത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവ് പോലും ഈ വെല്ലുവിളി നേരിട്ടിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഹര്‍ദിക്കിന് ഒരിക്കലും പത്ത് ഓവര്‍ നല്‍കരുതെന്നും അദ്ദേഹം ഒരു ബാറ്റിങ് ഓള്‍റൗണ്ടറായതുകൊണ്ടു തന്നെ പരമാവധി അഞ്ച് ഓവര്‍ എറിയിക്കാമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20യില്‍ ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് തുണയായത്.

ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ബൗളിങ് ഡിപ്പാര്‍ട്‌മെന്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇംഗ്ലണ്ടിന്റെ നാല് മുന്‍നിര വിക്കറ്റുകളായിരുന്നു ഹര്‍ദിക് പിഴുതെറിഞ്ഞത്.

എഡ്ജ്ബാസ്റ്റണില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യിലും താരത്തിന്റെ മാസ്മരിക പ്രകടനം ടീമിന് തുണയാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Sanjay Manjarekar about Hardik Padndya

We use cookies to give you the best possible experience. Learn more