| Monday, 6th July 2020, 2:25 pm

സുശാന്ത് സിംഗിന്റെ ആത്മഹത്യ; ചോദ്യം ചെയ്യലിനായി സഞ്ജയ് ലീല ബന്‍സാലി പൊലീസ് സ്റ്റേഷനിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ  മുംബൈ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബന്‍സാലി ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിലെത്തി.

ബന്‍സാലിയുടെ ഗോലിയോണ്‍ കി രാസലീല-രാം ലീല എന്ന ചിത്രവും ബാജിറാവു മസ്താനി എന്ന സിനിമയിലും നായക വേഷം ആദ്യം വാഗ്ദാനം ചെയ്തിരുന്നത് സുശാന്ത് സിംഗിനാണെന്ന് വിവിധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

രാംലീലയും ബാജിറാവു മസ്താനിയും യഥാക്രമം 2013ലും 2015ലുമാണ് പുറത്തിറങ്ങിയത്. രണ്ട് സിനിമകളിലും നായികാ നായകന്മാരായെത്തിയത് രണ്‍വീര്‍ സിംഗും ദീപിക പദുകോണുമാണ്.

യഷ് രാജ് ഫിലിംസ്( വൈ.ആര്‍.എഫ്)മായുള്ള കരാര്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് സുശാന്തിന് ഇരു സിനിമകളിലും അഭിനയിക്കാന്‍ കഴിയാതെ പോയതെന്നാണ് പറയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടായിരിക്കും സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യുന്നത്. സുശാന്ത് ഏതെങ്കിലും തരത്തില്‍ വൈ.ആര്‍.എഫിന്റെ സമ്മര്‍ദ്ദത്തിലായിരുന്നോ എന്നും ബന്‍സാലിയോട് ചോദിക്കും.

നേരത്തെ വൈ.ആര്‍.എഫ് കാസ്റ്റിംഗ് ഡയറക്ടര്‍ ഷനൂ ശര്‍മയെയും മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു.

വൈ.ആര്‍.എഫിന്റെ ബാനറില്‍ സുശാന്ത് രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ശുദ്ധ് ദേസി റൊമാന്‍സ്, ഡിക്ടറ്റീവ് ബ്യൂംകേഷ് ബക്ഷി എന്നീ സിനിമകളിലാണ് അഭിനയിച്ചത്.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 28 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സുശാന്ത് അവസാനം അഭിനയിച്ച ചിത്രമായ ദില്‍ ബെചാരയില്‍ ഒപ്പം അഭിനയിച്ച സഞ്ചന സംഘിയുടെ മൊഴിയും പൊലീസ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയിരുന്നു.

ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more