| Wednesday, 9th June 2021, 6:44 pm

സ്വന്തം കാമുകി നിങ്ങളുടെ ശത്രുവിന്റെ കൂടെ പോയാല്‍ അവളെ കുറ്റം പറയാന്‍ പറ്റില്ല; ജിതിന്‍ പ്രസാദയുടെ ബി.ജെ.പി. പ്രവേശനത്തില്‍ കോണ്‍ഗ്രസിനെ ഉന്നമിട്ട് സഞ്ജയ് ഝാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയുടെ നടപടിയില്‍ പ്രതികരിച്ച് ദേശീയ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ. സംഘടനാ തലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണിയ്ക്ക് സമയമായെന്ന രീതിയിലായിരുന്നു ഝായുടെ പ്രതികരണം.

‘നിങ്ങളെ തഴഞ്ഞ് ശത്രുവിന്റെ കൂടെ നിങ്ങളുടെ സ്വന്തം കാമുകി പോയാലുള്ള അവസ്ഥയെന്താകും എന്നായിരുന്നു ജിതിന്‍ പ്രസാദയുടെ പാര്‍ട്ടി മാറ്റത്തിന് തൊട്ടുപിന്നാലെ ഝാ ചോദിച്ചത്. കാമുകിയെ കുറ്റം പറയാനാകില്ലെന്നും നിങ്ങള്‍ തന്നെ കണ്ണാടി ഒന്നു നോക്കിയാല്‍ എല്ലാം വ്യക്തമാകുമെന്നായിരുന്നു ഝാ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സഞ്ജയ് ഝായുടെ പ്രതികരണം.

‘സ്വന്തം കാമുകി നിങ്ങളെ തഴഞ്ഞ് ശത്രുവിന്റെ കൂടെ പോയാലുള്ള അവസ്ഥയെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ തിരിഞ്ഞ് നിന്ന് ഒന്നു കണ്ണാടിയില്‍ നോക്കിയാല്‍ കാര്യം വ്യക്തമാകും,’ സഞ്ജയ് ഝാ പറഞ്ഞു.

ജിതിന്‍ പ്രസാദയെ ബി.ജെ.പി. തട്ടിയെടുത്തുവെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും താനായിരുന്നു അമിത് ഷായുടെ സ്ഥാനത്തെങ്കിലും ഇതേ രീതിയിലുള്ള പദ്ധതികള്‍ തന്നെയാകും നടപ്പിലാക്കുകയെന്നും അതാണ് രാഷ്ട്രീയമെന്നും സഞ്ജയ് ഝാ പറഞ്ഞു.

അതിനിടെ ജിതിന്‍ പ്രസാദയുടെ ബി.ജെ.പി. പ്രവേശനത്തെ അഭിനന്ദിച്ച് രാജ്യസഭാംഗവും ബി.ജെ.പി. നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയിരുന്നു. ജിതിന്‍ തനിക്ക് സഹോദരനെ പോലെയാണെന്നും ഇപ്പോള്‍ എടുത്ത തീരുമാനത്തില്‍ അദ്ദേഹത്ത അഭിനന്ദിക്കുന്നുവെന്നുമാണ് സിന്ധ്യ പറഞ്ഞത്.

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു. ബി.ജെ.പി. അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചയാളാണ് താനെന്നും വളരെ ആലോചിച്ചതിന് ശേഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ജിതിന്‍ പ്രസാദ കൂട്ടിച്ചേര്‍ത്തു.

ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍ പ്രസാദ പറഞ്ഞത്.

ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് ജൂണ്‍ 9ന് ബി.ജെ.പിയില്‍ ചേരുമെന്നു നേരത്തെ പാര്‍ട്ടി വക്താവ് അനില്‍ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.

20 വര്‍ഷത്തോളമായി ജിതിന്‍ പ്രസാദയ്ക്ക് പാര്‍ട്ടിയുമായുള്ള ഇടച്ചില്‍ രഹസ്യമല്ല. 2019ല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

നേതൃത്വത്തിനെതിരെ സോണിയാ ഗാന്ധിക്കു കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു.

ഇന്ത്യന്‍ സെകുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെതിരെയും ജിതിന്‍ പ്രസാദ പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജിതിന്‍ പ്രസാദ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കേന്ദ്രമന്ത്രിയായിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sanjay jha Slams Congress For Losing Jitin Prasada

We use cookies to give you the best possible experience. Learn more