ന്യൂദല്‍ഹി: പാര്‍ട്ടിയിലെ സുതാര്യമായ തെരഞ്ഞെടുപ്പും രാഷ്ട്രീയ നേതൃമാറ്റവും ആവശ്യപ്പെട്ട് എം.പിമാരുള്‍പ്പെടെ നൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തയച്ചതായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് സഞ്ജയ് ഝാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘പാര്‍ട്ടിയിലെ നിലവിലെ സാഹചര്യത്തില്‍ ദുഃഖിതരായ എം.പിമാരുള്‍പ്പെടയുള്ള ഏകദേശം നൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതി. സുതാര്യമായ തെരഞ്ഞെടുപ്പും രാഷ്ട്രീയ നേതൃമാറ്റവും ആവശ്യപ്പെട്ടാണ് കത്തെഴുതിയത്,’ സഞ്ജയ് ട്വീറ്റ് ചെയ്തു.
അതേസമയം ഇത്തരത്തില്‍ കത്തെഴുതിയതായി ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും സ്ഥിരീകരണം വന്നിട്ടില്ല.
സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സഞ്ജയ് ഝാ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതല ഏറ്റെടുക്കുന്നത്.
സോണിയാ ഗാന്ധിയുടെ അധ്യക്ഷ കാലാവധി ഓഗസ്റ്റ് 10ന് അവസാനിച്ചിരുന്നുവെങ്കിലും ശരിയായ നടപടിക്രമം ഉണ്ടാവുന്നത് വരെ സോണിയാഗാന്ധിയോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.