ന്യൂദല്‍ഹി: ഷാഹീന്‍ബാഗ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച രണ്ട് പേരുടെ മധ്യസ്ഥ സംഘം പ്രതിഷേധസ്ഥലത്തെത്തി. പൊതുവഴി ഉപരോധിച്ചുകൊണ്ടുള്ള സമരം പാടില്ലെന്നും പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് മധ്യസ്ഥ സംഘം പ്രതിഷേധ സ്ഥലത്തെത്തുന്നത്. മുതിര്‍ന്ന അഭിഭാഷകരായ സജ്ഞയ് ഹെഗ്‌ഡെ, സാഘന രാമചന്ദ്രന്‍ എന്നിവരാണ് പ്രതിഷേധ സ്ഥലത്തെത്തിയത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ രണ്ട് മാസം മുന്‍പ് ഷാഹീന്‍ബാഗില്‍ ആരംഭിച്ച സ്ത്രീകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.നിങ്ങളെ കേള്‍ക്കാന്‍ വേണ്ടിയാണ് ഞങ്ങളിവിടെയെത്തിയതെന്നായിരുന്നു മധ്യസ്ഥര്‍ പ്രതിഷേധക്കാരോട് പറഞ്ഞത്.
‘സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ഞങ്ങളിവിടെയെത്തിയത്. എല്ലാവരുമായും സംസാരിക്കാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും സഹകരണത്തോടെ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്.’ സജ്ഞയ് ഹെഗ്‌ഡെ പ്രതിഷേധക്കാരോട് പറഞ്ഞു.
സുപ്രീംകോടതി നിര്‍ദേശം വേദിയില്‍ കയറി നിന്ന് പ്രതിഷേധക്കാരോട് മധ്യസ്ഥര്‍ പറഞ്ഞു.
‘എല്ലാവര്‍ക്കും പ്രതിഷേധം നടത്താനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. നിയമത്തെ നിങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. എന്നാല്‍ നമ്മളെ പോലും മറ്റുള്ളവര്‍ക്കും സഞ്ചരിക്കുന്നതിനും കടകള്‍ തുറക്കുന്നതിനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്.’സാധന രാമചന്ദ്രന്‍ പറഞ്ഞു.
ഷാഹീന്‍ബാഗ് സമരത്തില്‍ പ്രദേശത്തെ ഗതാഗതം തടസ്സപ്പെടുത്തിയതിനെതിരെ ബി.ജെ.പി നേതാവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍.