Film News
കെ.ജി.എഫില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് ഭാര്യ, അവളോടാണ് നന്ദി പറയുന്നത്: സഞ്ജയ് ദത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 29, 11:22 am
Tuesday, 29th March 2022, 4:52 pm

നാല് വര്‍ഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടു 2022ല്‍ എത്തുന്നത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡും റോക്കിയും വീണ്ടുമെത്തുമ്പോള്‍ ഇനിയെന്താണ് സംഭവിക്കുക എന്ന് ആകാംഷയിലാണ് പ്രേക്ഷകര്‍.

അതേസമയം കെ.ജി.എഫിലെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നാണ് വില്ലനായ അധീര. ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കെ.ജി.എഫ് തനിക്കൊരു പുതിയ അനുഭവമായിരുന്നു എന്നും തങ്ങള്‍ ഒരു ഫാമിലിയെ പോലെയായിരുന്നു എന്നും സഞ്ജയ് ദത്ത് പറഞ്ഞു. കെ.ജി.എഫില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഭാര്യയായ മാന്യതയോടാണ് തനിക്കേറ്റവും കൂടുതല്‍ നന്ദി പറയാനുള്ളതെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന കെ.ജി.എഫ് ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു സഞ്ജയ് ദത്ത് ഇക്കാര്യം പറഞ്ഞത്.

’45 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.ജി.എഫ് ചാപ്റ്റര്‍ ടു എനിക്ക് പുതിയൊരു അനുഭവമായിരുന്നു. കൂട്ടായ സമര്‍പ്പണമായിരുന്നു അത്. ഞങ്ങള്‍ ഒരു ഫാമിലിയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുതല്‍ സ്‌പോട്ട് ബോയ് വരെ ഒത്തുചേര്‍ന്ന് ഈ സിനിമ ചെയ്യുകയായിരുന്നു. കെ.ജി.എഫ് ചാപ്റ്റര്‍ ടു ചെയ്യുമ്പോള്‍ എനിക്ക് ഇങ്ങനെയാണ് തോന്നിയത്.

ആദ്യം തന്നെ യഷിന് നന്ദി പറയുന്നു. അദ്ദേഹം മികച്ച ഒരു സഹതാരമായിരുന്നു. വളരെ വിനയാന്വിതനായ മനുഷ്യന്‍. യഷ് എന്റെ ഇളയ സഹോദരനെ പോലെയാണ്. അടുത്തതായി നീല്‍, എന്നെ അധീര ആക്കിയതിന് നന്ദി. ഏറ്റവുമധികം നന്ദി പറയുന്നത് എന്റെ ഭാര്യയോടാണ്. കാരണം കെ.ജി.എഫ് ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചത് അവളാണ്. എല്ലാവര്‍ക്കും നന്ദി,’ സഞ്ജയ് ദത്ത് പറഞ്ഞു.

മാര്‍ച്ച് 27നാണ് കെ.ജി.എഫിന്റെ ട്രെയ്‌ലര്‍ മലയാളം ഉള്‍പ്പെടെയുള്ള അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്തത്.
1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

പ്രകാശ് രാജ്, രവീണ ടണ്ടന്‍, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ എത്തുന്നത്. ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: Sanjay Dutt says he owes a debt of gratitude to his wife Manyata for inspiring him to act in KGF