മുന്‍ പാക് നായകനും ക്രിക്കറ്റ് ഇതിഹാസവുമായ വസീം അക്രമിനെ ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിച്ച് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത്. ദുബായില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സഞ്ജയ് ദത്ത് തന്റെ സുഹൃത്ത് കൂടിയായ വസീം അക്രമിനെ കുറിച്ച് സംസാരിച്ചത്.
‘വസീം ഭായ്‌ക്കൊപ്പം ഇവിടെയുണ്ടാവുക എന്നത് തന്നെ ഒരു അഭിമാനമാണ്. എനിക്ക് അദ്ദേഹം സഹോദര തുല്യനാണ്. ഏറെ കാലമായി എനിക്ക് അടുത്ത് അറിയുന്ന വ്യക്തി കൂടിയാണ് വസീം ഭായ്. എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം.
വസീം ഭായ് ക്രിക്കറ്റിന്റെ ദൈവമാണ്. അദ്ദേഹത്തിന്റെ റിവേഴ്‌സ് സ്വിങ് കാണുന്നത് തന്നെ ഹരമാണ്. ലോകത്തെ എല്ലാ ബാറ്റര്‍മാരും അദ്ദഹത്തെ പേടിച്ചിരുന്നു,’ സഞ്ജയ് ദത്ത് പറഞ്ഞു.
ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയെടുത്താല്‍ ആദ്യ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന താരമാണ് വസീം അക്രം. പാകിസ്ഥാനായി 104 ടെസ്റ്റ് മാച്ചുകളിലാണ് താരം കളത്തിലിറങ്ങിയത്. 181 ഇന്നിങ്‌സുകളില്‍ നിന്നുമായി 23.62 എന്ന ശരാശരിയിലും 2.50 എന്ന എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. 54.6 എന്ന സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിന് ടെസ്റ്റിലുണ്ടായിരുന്നത്.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 20 തവണ നാല് വിക്കറ്റ് നേട്ടം കൊയ്ത വസീം അക്രം 25 തവണ അഞ്ച് വിക്കറ്റ് നേട്ടവും തന്റെ പേരില്‍ കുറിച്ചു.
351 ഏകദിനത്തിലാണ് അദ്ദേഹം പാകിസ്ഥാനായി പന്തെറിഞ്ഞത്. 23.52 എന്ന ശരാശരിയിലും 3.89 എന്ന എക്കോണമിയില്‍ നിന്നുമായി 502 വിക്കറ്റുകളാണ് വണ്‍ ഡേ ഫോര്‍മാറ്റില്‍ പാക് ലെജന്‍ഡ് സ്വന്തമാക്കിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ഫോര്‍മാറ്റിലും മികച്ച സ്റ്റാറ്റുകളാണ് വസീം അക്രമിനുള്ളത്. ഫസ്റ്റ് ക്ലാസിലെ 257 മത്സരത്തില്‍ നിന്നും 1042 വിക്കറ്റ് നേടിയ പാക് ലെജന്‍ഡ് ലിസ്റ്റ് എ-യില്‍ 881 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ 1992ല്‍ ഇമ്രാന്‍ ഖാന് കീഴില്‍ പാകിസ്ഥാന്‍ ലോകകപ്പുയര്‍ത്തിയപ്പോള്‍ വസീം അക്രം എന്ന 25കാരനും ടീമിന്റെ ഭാഗമായിരുന്നു.
ശേഷം ക്യാപ്റ്റനായി 1999ല്‍ പാകിസ്ഥാനെ കിരീടത്തിനടുത്തെത്തിച്ചെങ്കിലും ഫൈനലില്‍ ഓസട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.
Content Highlight: Sanjay Dutt praises Wasim Akram