ഭാര്യയേയും കുഞ്ഞുങ്ങളേയുമോര്‍ത്ത് മണിക്കൂറുകളോളം കരഞ്ഞു; കാന്‍സറിന്റെ പിടിയിലായ ദിവസങ്ങളെ കുറിച്ച് സഞ്ജയ് ദത്ത്
Film News
ഭാര്യയേയും കുഞ്ഞുങ്ങളേയുമോര്‍ത്ത് മണിക്കൂറുകളോളം കരഞ്ഞു; കാന്‍സറിന്റെ പിടിയിലായ ദിവസങ്ങളെ കുറിച്ച് സഞ്ജയ് ദത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th April 2022, 8:44 pm

കെ.ജി.എഫ് ചാപ്റ്റര്‍ ടു തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനും പ്രശംസ ഉയരുകയാണ്. വില്ലനായ അധീരയായി മികച്ച പ്രകടനമാണ് സഞ്ജയ് ദത്ത് കെ.ജി.എഫില്‍ നടത്തിയത്.

കാന്‍സറിന്റെ പിടിയിലായിരിക്കുമ്പോഴാണ് സഞ്ജയ് ദത്ത് കെ.ജി.എഫില്‍ അഭിനയിച്ചിരുന്നത്. കാന്‍സര്‍ പിടിപ്പെട്ട സമയത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് സംസാരിക്കുകയാണ് സഞ്ജയ് ദത്ത്. ഭാര്യയേയും കുഞ്ഞുങ്ങളേയും ജീവിതത്തേക്കുറിച്ചുമോര്‍ത്ത് രണ്ടും മൂന്നും മണിക്കൂര്‍ കരഞ്ഞിട്ടുണ്ടെന്നും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയതെന്നും സഞ്ജയ് ദത്ത് യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘ലോക്ക്ഡൗണ്‍ സമയത്തെ സാധാരണ ഒരു ദിവസമായിരുന്നു അത്. എഴുന്നേറ്റശേഷം ഏതാനും ചുവടുകള്‍ വച്ചെങ്കിലും എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. കുളിച്ച ശേഷവും ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനായില്ല.

2020 ഓഗസ്റ്റിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ശ്വാസകോശാര്‍ബുദത്തിന്റെ നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു രോഗം തിരിച്ചറിയുമ്പോള്‍. സഹോദരി പ്രിയയാണ് ഈ വിവരം തന്നെ അറിയിച്ചത്. അന്ന് ശ്വസിക്കാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡോക്ടറെ വിളിച്ചു. എക്‌സ് റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടു. അത് പുറത്തെത്തിക്കണമായിരുന്നു. ട്യൂബര്‍ക്കുലോസിസ് ആണെന്നാണ് കരുതിയത്. പക്ഷേ അത് അര്‍ബുദമായി മാറുകയായിരുന്നു,’ സഞ്ജയ് ദത്ത് പറഞ്ഞു.

‘എങ്ങനെ അത് എനിക്കുള്ളില്‍ കടന്നു എന്നതായിരുന്നു മനസിലാകാതിരുന്ന കാര്യം. എന്റെ ഭാര്യയേയും കുഞ്ഞുങ്ങളേയും ജീവിതത്തേക്കുറിച്ചുമോര്‍ത്ത് രണ്ടും മൂന്നും മണിക്കൂര്‍ കരഞ്ഞിട്ടുണ്ട്. നടന്‍ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് ഒരു ഡോക്ടറേക്കുറിച്ച് പറഞ്ഞത്. ചികിത്സ നടക്കുമ്പോള്‍ മുടി കൊഴിയുമെന്നും ഛര്‍ദിക്കാന്‍ വരുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ദുബായില്‍ കീമോ തെറാപ്പിക്ക് പോയപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ബാഡ്മിന്റണ്‍ കളിച്ചിരുന്നു.

എനിക്കും കുടുംബത്തിനും രോഗത്തിന്റെ അവസാന ആഴ്ചകള്‍ വളരെ കഠിനമായാണ് കടന്നുപോയത്. കരുത്തരായ പോരാളികള്‍ക്ക് ജയിക്കാന്‍ പ്രയാസമുള്ള യുദ്ധങ്ങളായിരിക്കും ദൈവം നല്‍കുകയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇന്ന് എന്റെ മക്കളുടെ പിറന്നാള്‍ദിനത്തില്‍ വിഷമതകള്‍ നിറഞ്ഞ യുദ്ധം ജയിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെയും കുടുംബത്തിന്റേയും ആരോഗ്യവും ക്ഷേമവുമാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം,’ സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.

ontent Highlight: sanjay dutt opens up about his difficulties while facing cancer