റാഷിദിനെക്കൊണ്ടും ഹസരങ്കയെക്കൊണ്ടും പറ്റാത്തതാണോ അവന്‍മാര്‍ ചെയ്യാന്‍ പോകുന്നത്; കോഹ്‌ലിയില്‍ ഓവര്‍ കോണ്‍ഫിഡന്‍സുമായി മുന്‍ താരം
Sports News
റാഷിദിനെക്കൊണ്ടും ഹസരങ്കയെക്കൊണ്ടും പറ്റാത്തതാണോ അവന്‍മാര്‍ ചെയ്യാന്‍ പോകുന്നത്; കോഹ്‌ലിയില്‍ ഓവര്‍ കോണ്‍ഫിഡന്‍സുമായി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th January 2023, 3:02 pm

തന്റെ കരിയറിലുടനീളം പേസര്‍മാര്‍ക്കെതിരെ ഷോട്ടുകള്‍ പായിക്കുന്ന അതേ കോണ്‍ഫിഡന്‍സില്‍ വിരാടിന് സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി തന്റെ ഈ ദൗര്‍ബല്യത്തെ വിരാട് മറികടക്കുന്ന കാഴ്ചയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.

2022 ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ റാഷിദ് ഖാനെ പഞ്ഞിക്കിട്ടതും ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ശ്രീലങ്കയുടെ എണ്ണം പറഞ്ഞ സ്പിന്നര്‍മാരായ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവര്‍ക്കെതിരെ വെടിക്കെട്ട് നടത്തിയ സെഞ്ച്വറി നേടിയതും ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇനി ഇന്ത്യയുടെ മുമ്പിലുള്ളത്. മൂന്ന് ഏകദിനവും അത്രതന്നെ ടി-20യുമാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലുണ്ടാവുക. ഇതില്‍ ഏകദിന സ്‌ക്വാഡിന്റെ ഭാഗമാണ് വിരാട്.

ന്യൂസിലാന്‍ഡ് നിരയിലെ സ്പിന്നര്‍മാര്‍ക്കെതിരെ വിരാടിന് എത്രത്തോളം മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍.

കിവീസ് സ്പിന്നര്‍മാരായ ഇഷ് സോധിക്കും മൈക്കല്‍ സാന്റ്‌നറിനും വിരാടിനെ പരീക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് ബാംഗര്‍ പറയുന്നത്.

‘ഇഷ് സോധിയെ കുറിച്ചും സാന്റ്‌നറിനെ കുറിച്ചും സംസാരിക്കാതിരിക്കൂ, കാരണം ഏഷ്യാ കപ്പില്‍ വിരാട് കോഹ്‌ലി റാഷിദ് ഖാനോട് ചെയ്തത് എന്താണെന്ന് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇക്കഴിഞ്ഞ ഏകദിനത്തില്‍ വാനിന്ദു ഹസരങ്കയും മഹീഷ് തീക്ഷണയും അവര്‍ക്കാവുന്നതൊക്കെ ചെയ്തിട്ടും അവന് മുമ്പില്‍ പരാജയപ്പെടുകയായിരുന്നു.

അവന്‍ കാലുപയോഗിച്ചാണ് സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടുന്നത്. അവന് ബാക്ക് ഫൂട്ടിലേക്കിറങ്ങി ഗ്യാപ്പുകളിലൂടെ റണ്‍ നേടാന്‍ സാധിക്കും.

 

അവന്‍ കരിയറിലുടനീളം സ്പിന്നര്‍മാര്‍ക്കെതിരെ കളിച്ചതില്‍ നിന്നും മാറ്റം വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെ സാന്റ്‌നറിന്റെയും സോധിയുടെും കാര്യത്തില്‍ എനിക്ക് അത്ര പ്രതീക്ഷകളില്ല,’ ബാംഗര്‍ പറഞ്ഞു.

ഏകദിനത്തില്‍ മൂന്ന് തവണ സോധി വിരാടിനെ മടക്കിയപ്പോള്‍. ഒരിക്കല്‍ മാത്രമാണ് സാന്റ്‌നറിന് അതിന് സാധിച്ചത്.

ജനുവരി 18നാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Sanjay Banger about Virat Kohli playing against New Zealand spinners