|

ആ താരത്തിനെ കരുതിയിരിക്കണം; ഫൈനലിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി സഞ്ജയ് ബംഗാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മാര്‍ച്ച് ഒമ്പതിന് കലാശപ്പോരില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ നേരിടും.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തിയിരുന്നു. യുവ താരം രചിന്‍ രവീന്ദ്രയുടെയും മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് ബ്ലാക്ക് ക്യാപ്‌സ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.

സെമി ഫൈനലിലെ ഓള്‍ റൌണ്ട് മികവിന് പ്ലയെര്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയത് രചിന്‍ രവീന്ദ്രയാണ്. 101 പന്തില്‍ 108 എടുത്ത താരം അഞ്ച് ഓവറില്‍ 20 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റും താരം നേടിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് രചിന്‍ രവീന്ദ്ര കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെതിരെയും യുവ താരം സെഞ്ച്വറി നേടിയിരുന്നു. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറികള്‍ അടിച്ച ഏക താരവും രചിനാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 226 റണ്‍സെടുത്ത് താരം റണ്‍ വേട്ടക്കാരില്‍ രണ്ടാമതുണ്ട്.

ന്യൂസിലാന്‍ഡ് ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ യുവ താരം രചിന്‍ രവീന്ദ്രയെ ഇന്ത്യ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് ബംഗാര്‍. അവന്റെ ബലഹീനത കണ്ടെത്താന്‍ കഴിയില്ലെന്നും അവനെ ചെറുക്കാന്‍ ഓഫ് സ്റ്റമ്പില്‍ വൈഡായി പന്തെറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘രചിന്‍ രവീന്ദ്രയെ ഇന്ത്യ കരുതിയിരിക്കണം. അവനില്‍ നമുക്ക് ബലഹീനത കണ്ടെത്താന്‍ കഴിയില്ല. ഓഫ് സ്റ്റമ്പില്‍ വൈഡായി പന്തെറിയുകയെന്നതാണ് നിങ്ങള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുക,’ ബംഗാര്‍ പറഞ്ഞു.

കൂടാതെ, ന്യൂസിലാന്‍ഡ് ടീമിനെ കുറിച്ചും ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിലെ ഇന്ത്യയുടെ സാധ്യതയെക്കുറിച്ചും ബംഗാര്‍ സംസാരിച്ചു. ന്യൂസിലാന്‍ഡ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ കഴിയുന്ന ടീമാണെന്ന് അദ്ദേഹം പറഞ്ഞു. ഫൈനല്‍ മത്സരം 60 -40 എന്ന തോതില്‍ ഇന്ത്യക്ക് അനുകൂലമാണെന്നും ന്യൂസിലാന്‍ഡ് മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാല്‍ അത് വലിയ മുന്‍തൂക്കമായി കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ന്യൂസിലാന്‍ഡ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ കഴിയുന്ന ടീമാണ്. അവര്‍ക്ക് നിലവാരമുള്ളതും ഫോമിലായതുമായ കളിക്കാരുണ്ട്. ഫൈനല്‍ 60 -40 എന്ന തോതില്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്. ഏത് സാഹചര്യത്തിലും ഇന്ത്യയെ നേരിടാന്‍ തയ്യാറായി ന്യൂസിലാന്‍ഡ് വരുമെന്നതിനാല്‍ അത് വലിയ മുന്‍തൂക്കമല്ല,’ മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

content highlights: Sanjay Bangar warned that  should take care of Rachin Ravindra