| Tuesday, 27th August 2024, 12:31 pm

സച്ചിനും ദ്രാവിഡും 40 വയസ് വരെ ക്രിക്കറ്റ് കളിച്ചു, അവരും അതുപോലെയായിരിക്കും: സഞ്ജയ് ബാംഗർ

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിടുന്നു. നീണ്ട 17 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും കുട്ടിക്രിക്കറ്റിന്റെ രാജാക്കന്മാരായത്. ഈ വിജയത്തിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ നിന്നും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ രോഹിത് ഇന്ത്യയ്ക്കായി ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് കളിക്കുന്നത്. ഇപ്പോഴിതാ രോഹിത് എത്രകാലം ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍. റാവു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശരീരവും ഫിറ്റ്‌നസും അനുവദിക്കുന്നിടത്തോളം കാലം രോഹിത് ക്രിക്കറ്റ് കളിക്കുമെന്ന് ഞാന്‍ കരുതുന്നു. സച്ചിന്‍ 40 വയസ് വരെ കളിച്ചു, രാഹുല്‍ പോലും 40 വരെ കളിച്ചിട്ടുണ്ട്. ഇവരെല്ലാം മികച്ച ഫിറ്റ്നസോടെയാണ് ക്രിക്കറ്റ് കളിച്ചത്. അതുകൊണ്ടുതന്നെ കളിക്കാരുടെ ക്വാളിറ്റി കരിയറില്‍ നിലനില്‍ക്കും.

വിരാടിന് പോലും ക്രിക്കറ്റ് കളിക്കുക എന്നത് അവന്റെ ശരീരത്തെ ആശ്രയിച്ചിരിക്കും. അദ്ദേഹം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരിക്കും കളിക്കുക എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെ വിരാട് ഒരു അഞ്ച് വര്‍ഷം കൂടി കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാമെന്ന് എനിക്കുറപ്പുണ്ട്,’ സഞ്ജയ് ബാംഗാര്‍ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. പരമ്പരയില്‍ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19മുതലാണ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഇതിനായി ഒരുപാട് സമയം മുന്നിലുള്ളതിനാല്‍ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫിയുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ രോഹിത്തും കോഹ്‌ലിയും ഈ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടില്ല.

Content Highlight: Sanjay Bangar Talks About Virat Kohli And Rohit Sharma Future on Cricket

We use cookies to give you the best possible experience. Learn more