അദ്ദേഹത്തിന് ഇന്ത്യയെ ടെസ്റ്റിൽ ഇനിയും നയിക്കാൻ കഴിയുമായിരുന്നു: സഞ്ജയ് ബംഗാർ
Cricket
അദ്ദേഹത്തിന് ഇന്ത്യയെ ടെസ്റ്റിൽ ഇനിയും നയിക്കാൻ കഴിയുമായിരുന്നു: സഞ്ജയ് ബംഗാർ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th August 2024, 10:15 pm

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചായിരുന്നു സഞ്ജയ് പറഞ്ഞത്. റോവ് സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിരാട് കോഹ്‌ലി കുറച്ചു കാലം കൂടി ടെസ്റ്റ് ക്യാപ്റ്റനായി തുടരണമെന്ന് ഞാന്‍ വ്യക്തിപരമായി കരുതുന്നു. 65 ടെസ്റ്റ് മത്സരങ്ങള്‍ അദ്ദേഹം ഇന്ത്യയെ നയിച്ചു. എനിക്ക് തോന്നുന്ന കാര്യമെന്തെന്നാൽ അദ്ദേഹത്തിന് ഇനിയും ഇന്ത്യയെ നയിക്കാന്‍ കഴിയുമെന്നാണ്’, സഞ്ജയ് പറഞ്ഞു.

2014ലാണ് വിരാട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായത്. എം.എസ് ധോണിക്ക് പകരക്കാരനായാണ് കോഹ്‌ലി ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത്. 68 മത്സരങ്ങളില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ച വിരാട് 40 മത്സരങ്ങളിലാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

2015ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് കോഹ്‌ലി തന്റെ ക്യാപ്റ്റനായുള്ള ആദ്യ വിജയം സ്വന്തമാക്കിയത്. നീണ്ട 22 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ സ്വന്തം തട്ടകത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

2018ല്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാനും വിരാടിന് സാധിച്ചു. വിരാടിന്റെ ക്യാപ്റ്റന്‌സിയുടെ സമയത്താണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയെ ആദ്യമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിച്ചതും വിരാട് ആയിരുന്നു. 2022 ജനുവരിയിലാണ് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

ഇന്ത്യക്കായി ഐതിഹാസികമായ ഒരു കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്. ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ കോഹ്‌ലി ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Sanjay Bangar Talks About Virat Kohli