ടി-20 ലോകകപ്പിന് മുന്നോടിയായി ജൂണ്‍ ഒന്നിന് നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനോടാണ് ഇന്ത്യയുടെ ആദ്യ മത്സരം. പക്ഷെ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് സംസാസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് ബംഗര്‍.
‘ഒരുപക്ഷേ യശസ്വി ജയ്‌സ്വാളിനെ ആദ്യ മത്സരത്തില്‍ കളിപ്പിക്കില്ല എന്ന് ടീം തീരുമാനിച്ചതായി എനിക്ക് തോന്നുന്നു. യശസ്വി ജയ്‌സ്വാള്‍ അവരുടെ പ്ലാനുകളില്‍ ഉണ്ടായിരുന്നെങ്കില്‍, ഈ മത്സരത്തില്‍ അവര്‍ അവനെ കളിപ്പിക്കുമായിരുന്നു. അവര്‍ അവനെ കളിപ്പിച്ചിട്ടില്ലാത്തതിനാല്‍ വിരാട് കോഹ്‌ലി ഓപ്പണ്‍ ചെയ്യുമെന്ന് വ്യക്തമാണ്,’ സഞ്ജയ് ബംഗര്‍.
സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്കായി റിഷബ് പന്ത് 32 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. നാല് വീതം ഫോറുകളും സിക്സുകളുമാണ് പന്ത് നേടിയത്. അതേസമയം നായകന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ആറ് പന്തില്‍ നിന്നും ഒരു റണ്‍സ് നേടി എല്‍.ബി.ഡബ്ലിയുവിലൂടെയാണ് സഞ്ജു മടങ്ങിയത്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല.
Content Highlight: Sanjay Bangar Talking About Yashasvi Jaiswal