അവന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി ടെസ്സ്റ്റ് കളിക്കും; ഇന്ത്യന്‍ താരത്തെക്കുറിച്ച് മുന്‍ പരിശീലകന്‍
Sports News
അവന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി ടെസ്സ്റ്റ് കളിക്കും; ഇന്ത്യന്‍ താരത്തെക്കുറിച്ച് മുന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th August 2024, 3:07 pm

2023 ഏകദിന ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമായിരുന്നു. എന്നാല്‍ 2024ലെ ടി-20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വിവഴങ്ങാതെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. നിര്‍ണായകമായ രണ്ട് ടൂര്‍ണമെന്റിലും പ്രധാന പങ്ക് വഹിച്ച താരമാണ് വിരാട് കോഹ്‌ലി. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും നിരവധി മത്സരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി വിജയിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

ടെസ്റ്റ് ഫോര്‍മാറ്റിലെ സക്‌സസ് ഫുള്‍ ക്യാപ്റ്റന്‍ എന്ന ലേബലും വിരാടിനുണ്ട്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ സഞ്ജയ് ബംഗര്‍. റാവു പോട്കാസ്റ്റിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റ് ഭാവിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

‘ ഇന്ത്യന്‍ താരങ്ങള്‍ക്ക് നീണ്ട ക്രിക്കറ്റ് കരിയര്‍ ഉണ്ടാകും. അത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും. വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ അദ്ദേഹം ഫിറ്റ്‌നസിനെയാണ് അതിന് കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത്. അവന്‍ അവസാനമായി വിരമിക്കുന്ന ഫോര്‍മാറ്റ് ടെസ്റ്റായിരിക്കും. അവന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഉണ്ടാകും,’ സഞ്ജയ് ബംഗര്‍ റോ പോട്കാസ്റ്റില്‍ പറഞ്ഞു.

2014ലാണ് വിരാട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായത്. എം.എസ് ധോണിക്ക് പകരക്കാരനായാണ് കോഹ്‌ലി ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത്. 68 മത്സരങ്ങളില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ച വിരാട് 40 മത്സരങ്ങളിലാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

2015ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് തന്റെ ക്യാപ്റ്റനായുള്ള ആദ്യ വിജയം വിരാട് സ്വന്തമാക്കിയത്. നീണ്ട 22 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ സ്വന്തം തട്ടകത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

2018ല്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാനും വിരാടിന് സാധിച്ചു. വിരാടിന്റെ ക്യാപ്റ്റന്‌സിയുടെ സമയത്താണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയെ ആദ്യമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിച്ചതും വിരാട് ആയിരുന്നു. 2022 ജനുവരിയിലാണ് വിരാട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

ഇന്ത്യക്കായി ഐതിഹാസികമായ ഒരു കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്. ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

 

Content Highlight: Sanjay Bangar Talking About Virat Kohli’s Test Carrier