ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമാണ് വിരാട് കോഹ്‌ലി. 2024ലെ ടി-20 ലോകകപ്പ് വിജയത്തിലും 2023 ഏകദിന ലോകകപ്പിലും നിര്‍ണായക പങ്ക് വഹിച്ച് വിരാട് ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ ഏകദിന പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0നാണ് പരാജയം ഏറ്റുവാങ്ങിയത്. അവസാന ഏകദിനത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യയ്ക്ക്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നാല്‍ ഇനിയുള്ള എവേ പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ സഹ പരിശീലകന്‍ സഞ്ജയ് ബാംഗര്‍ പറയുന്നത്. വിദേശ പിച്ചില്‍ വിരാട് ആധിപത്യം ഉറപ്പിക്കുമെന്നാണ് സഞ്ജയ് വിശ്വസിക്കുന്നത്.
‘വിദേശത്ത് ഇന്ത്യയുടെ പ്രകടനത്തില്‍ കോഹ്‌ലിയുടെ സംഭാവന വളരെ വലുതായിരിക്കും, വിദേശത്ത് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം, കാരണം ഇന്ത്യയില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, പക്ഷേ വിദേശത്തെ പ്രകടനം മെച്ചപ്പെടണം, വിദേശത്ത് ആധിപത്യം സ്ഥാപിക്കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ചിന്ത,’ സഞ്ജയ് ബാംഗാര്‍ പറഞ്ഞു,
നിലവില്‍ ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ഇന്ത്യ. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ്.
ബംഗ്ലാദേശിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. നവംബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.
Content Highlight: Sanjay Bangar Talking About Virat Kohli