| Wednesday, 8th January 2025, 3:57 pm

സഞ്ജു, പന്ത്, തിലക്? ഇംഗ്ലണ്ടിനെതിരെ ആര് കളത്തിലിറങ്ങും; രണ്ട് വിക്കറ്റ് കീപ്പര്‍മാരുടെ ആവശ്യം ടീമിലില്ല: സഞ്ജയ് ബാംഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ജനുവരി 22 മുതല്‍ നടക്കാനിരിക്കുകയാണ്. അഞ്ച് ടി-20യും മൂന്ന് ഏകദിനവുമാണ് പര്യടനത്തിലുള്ളത്. അടുത്തകാലത്ത് നടന്ന ടി-20 മത്സരങ്ങളില്‍ മികവ് തെളിയിച്ച മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പര്യടനത്തില്‍ ഇടം നേടുമന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. വിക്കറ്റ് കീപ്പിങ് ബാറ്റര്‍ റോളില്‍ സഞ്ജുവിന്റെ സാധ്യതയെക്കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സഞ്ജയ് ബാംഗര്‍.

ടീമില്‍ ഒരു വിക്കറ്റ് കീപ്പറുടെ സ്ഥാനമാണ് ഉള്ളതെന്നും സഞ്ജു മികച്ച ഫോമില്‍ തുടരുന്നുണ്ടെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല താരം ടീമില്‍ ഇടം നേടുമെന്ന സൂചനയും ബംഗാര്‍ നല്‍കി. അതോടൊപ്പം ടി-20യില്‍ മിന്നും പ്രകടനം കാഴ്ചവെച്ച തിലക് വര്‍മയും ടീമില്‍ ഇടംനേടാന്‍ സാധ്യതയുണ്ടെന്ന് മുന്‍ താരം പറഞ്ഞു. വിക്കറ്റ് കീപ്പിങ് റോളില്‍ ഇന്ത്യ വരും മത്സരങ്ങളില്‍ റിഷബ് പന്തിനെ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്.

‘ഇന്ത്യന്‍ ടീമിന് ഒരു വിക്കറ്റ് കീപ്പര്‍ സ്ലോട്ട് മാത്രമാണുള്ളത്. തനിക്ക് ലഭിച്ച അവസരങ്ങളില്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗത്ത് ആഫ്രിക്കയ്ക്കെതിരായ മുന്‍ പരമ്പര ഇതിന്റെ തെളിവാണ്.

രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് വെല്ലുവിളിയാണ് ഇടംകൈയ്യന്‍ ബാറ്റര്‍ തിലക് വര്‍മ ടീമിലുണ്ടാകും, മികച്ച ഫോമിലാണവന്‍. അതിന് ടീമിലെ ഓപ്ഷനുകളില്‍ ഒരു ഇടംകൈയ്യന്‍ ബാറ്ററുടെ ആവശ്യം വന്നാലും മതിയാകും,’ ബാംഗര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

2024 അവസാനിച്ചപ്പോള്‍ ടി-20ഐയില്‍ ഞെട്ടിക്കുന്ന പ്രകടനം തന്നെയായിരുന്നു മലയാളി സൂപ്പര്‍ താരം സഞ്ജു കാഴ്ചവെച്ചത്. ബംഗ്ലാദേശിനോടും സൗത്ത് ആഫ്രിക്കയോടും ബാക് ടു ബാക് സെഞ്ച്വറി നേടി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച സഞ്ജു പ്രോട്ടിയാസിനെതിരെ തന്റെ മൂന്നാം സെഞ്ച്വറി നേടി കയ്യടി വാങ്ങിയിരുന്നു.

കഴിഞ്ഞ അഞ്ച് ഇന്നിങ്‌സില്‍ നിന്നാണ് സഞ്ജു തന്റെ മൂന്ന് സെഞ്ച്വറി നേടിയത്. മാത്രമല്ല ഇന്ത്യന്‍ സീനിയര്‍ താരങ്ങളെക്കൊണ്ട് കഴിയാത്ത പല റെക്കോഡുകളും താരം നേടിയിരുന്നു. മാത്രമല്ല 2024ല്‍ ഏറ്റവും അതികം ടി-20ഐ റണ്‍സ് നേടിയ താരമാണ് (436 റണ്‍സ്) സഞ്ജു.

Content Highlight: Sanjay Bangar Talking About Sanju Samson And Rishabh Pant

Latest Stories

We use cookies to give you the best possible experience. Learn more