ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഇന്ത്യ. നിലവില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച് നാല് പോയിന്റ് നേടി ടൂര്‍ണമെന്റിലെ എ ഗ്രൂപ്പില്‍ രണ്ടാമതാണ് ഇന്ത്യ. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ ഉറപ്പിക്കാനും ടീമിന് സാധിച്ചു. 2024 ടി-20 ലോകകപ്പ് നേടി ലോകത്തെ അമ്പരപ്പിച്ച ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലും മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
2023 ഏകദിന ലോകകപ്പ് ഫൈനലില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ 2024ല്‍ ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കി വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.
ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജ എന്നിവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വിരമിച്ചെങ്കിലും രോഹിത്തിന്റെ ഫിയര്‍ലെസ് ക്രിക്കറ്റാണ് ഇന്ത്യ പിന്തുടരുന്നത്. ഇപ്പോള്‍ രോഹിത്തിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് ബാംഗര്‍.
‘ടെക്‌നിക്കലി മികച്ച ക്യാപ്റ്റനാണ് രോഹിത്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ മറ്റൊരു ടൂര്‍ണമെന്റിന്റെ നോക്കൗട്ടില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവന ഫിയര്‍ലെസ് ക്രിക്കറ്റാണ്. 2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ പുറത്തായപ്പോള്‍, ചെറിയ ഫോര്‍മാറ്റുകളില്‍ ടീം കളിച്ചുകൊണ്ടിരുന്ന ടെംപ്ലേറ്റില്‍ നിന്ന് മാറാന്‍ അദ്ദേഹം തീരുമാനിച്ചു.
അദ്ദേഹം കളിക്കാരോട് സംസാരിക്കുകയും തനിക്ക് എന്താണ് വേണ്ടതെന്ന് അവരോട് പറയുകയും ചെയ്തു. ഒരു മാറ്റം നടപ്പിലാക്കുന്നതിനായി രോഹിത് മുന്നില്‍ നിന്ന് നയിക്കാന്‍ തീരുമാനിച്ചു. 2023ലെ ഏകദിന ലോകകപ്പില്‍ അഗ്രസീവ് ക്രിക്കറ്റ് കളിച്ചു. അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ ക്യാപ്റ്റനെ മനസിലാക്കി പിന്തുടരാന്‍ തുടങ്ങി,’ സഞ്ജയ് ബാംഗര്‍ പറഞ്ഞു.
Content Highlight: Sanjay Bangar Talking About Rohit Sharma