|

വര്‍ഷങ്ങളായി അവന്‍ ബൗളിങ്ങില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല: തുറന്ന് പറഞ്ഞ് സഞ്ജയ് ബാംഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

49.5 ഓവറില്‍ 304 റണ്‍സിന് ജോസ് ബട്‌ലറിന്റെ ത്രീ ലയണ്‍സ് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 44.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 2-0ന് സ്വന്തമാക്കാനും ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

ആദ്യ മത്സരത്തിലെന്ന പോലെ ഈ തവണയും രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് നടത്തിയത്. 10 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം മൂന്ന് വിക്കറ്റ് നേടിയാണ് ജഡ്ഡു മികവ് പുലര്‍ത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയ ബെന്‍ ഡക്കറ്റിന്റെയും ജോ റൂട്ടിന്റെയും വിക്കറ്റുകള്‍ നേടിയത് ജഡ്ഡുവാണ്. ഓപ്പണര്‍ ഡക്കറ്റ് 56 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 65 റണ്‍സാണ് നേടിയത്. 72 പന്തില്‍ 69 റണ്‍സാണ് റൂട്ട് നേടിയത്. തുടര്‍ന്ന് ജെയ്മി ഓവര്‍ടണിനെ ആറ് റണ്‍സിന് ജഡ്ഡു പുറത്താക്കി.

ഇപ്പോള്‍ ജഡേജയെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബാംഗര്‍. ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവെക്കുന്നതെന്നും തന്റെ ബൗളിങ്ങില്‍ മാറ്റങ്ങള്‍ വരുത്താതെ വര്‍ഷങ്ങളായി ഒരേ രീതിയിലാണ് താരം പന്തെറിഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്തുന്നതെന്നും സഞ്ജയ് പറഞ്ഞു.

‘ഓരോ മത്സരത്തിലും അദ്ദേഹം മികച്ചുവരുന്നു. ബൗളിങ്ങില്‍ അവന്‍ ഒരു മാച്ച് വിന്നറാണ്. വിക്കറ്റ് ബൈ വിക്കറ്റ് ആണ് ജഡേജയുടെ പ്രത്യേകത, ബാറ്റ്‌സ്മാന്‍മാര്‍ക്ക് പന്തെറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. ജഡേജ തന്റെ ബൗളിങ്ങില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. വര്‍ഷങ്ങളായി, ബൗളര്‍മാര്‍ കുറച്ച് പരിചയം നേടിയ ശേഷം അവരുടെ ബൗളിങ്ങില്‍ പുതിയ എന്തെങ്കിലും ചേര്‍ക്കാന്‍ ശ്രമിക്കും പക്ഷേ ജഡേജ ഈ ശൈലി പിന്തുടരുന്നില്ല. അവന്‍ തന്റെ ലൈനും ലെങ്തും ഉപേക്ഷിക്കുന്നില്ല. സ്പിന്നര്‍മാര്‍ക്ക് ലെങ്ത് നിര്‍ണായകമാണ്,’ സ്‌പോര്‍ട്‌സ് 18ല്‍ സഞ്ജയ് ബാംഗര്‍ പറഞ്ഞു.

ജഡേജയ്ക്ക പുറമെ മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ഏറെ കാലം മോശം ഫോമില്‍ കുടുങ്ങിയ രോഹിത് തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെയാണ് തിരിച്ചുവരവറിയിച്ചത്.

ഓപ്പണിങ് ഇറങ്ങി 90 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്‌സറുകളും 12 ഫോറും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കളത്തില്‍ താണ്ഡവമാടിയത്. ഇതോടെ ഏകദിനത്തില്‍ തന്റെ 32ാം സെഞ്ച്വറിയാണ് രോഹിത് നേടിയത്. മാത്രമല്ല മത്സരത്തിലെ താരമാകാനും രോഹിത്തിന് സാധിച്ചു. രോഹിത്തിന് പുറമെ മിന്നും പ്രകടനം കാഴ്ചവെച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 52 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിലാണ് നടക്കുന്നത്.

Content Highlight: Sanjay Bangar Talking About Ravindra Jadeja