അവന്‍ ലേലത്തില്‍ പങ്കെടുത്താല്‍ കോടികള്‍ തന്നെ വാരും: മുന്‍ ഇന്ത്യന്‍ കോച്ച്
Sports News
അവന്‍ ലേലത്തില്‍ പങ്കെടുത്താല്‍ കോടികള്‍ തന്നെ വാരും: മുന്‍ ഇന്ത്യന്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th August 2024, 1:10 pm

ഐ.പി.എല്‍ 2025ന് മുമ്പായി നടക്കുന്ന മെഗാ താരലേലത്തില്‍ മുന്‍ ഇന്ത്യന്‍ ടി-20 നായകന്‍ രോഹിത് ശര്‍മ പങ്കെടുക്കുകയാണെങ്കില്‍ വലിയ തുക തന്നെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് കോച്ചും കമന്റേറ്ററുമായ സഞ്ജയ് ബാംഗര്‍. റാവു പോഡ്കാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം രോഹിത് ശര്‍മയെ കുറിച്ച് സംസാരിച്ചത്.

രോഹിത് ലേലത്തിന്റെ ഭാഗമാവുകയാണെങ്കില്‍ നിരവധി ടീമുകള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ പലര്‍ക്കും അതിന് സാധിക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

 

‘രോഹിത് ശര്‍മ ലേലത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ പഞ്ചാബ് കിങ്സ് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുമോ’ എന്ന അവതാരകന്റെ ചോദ്യത്തിന് ‘രോഹിത് ശര്‍മ താരലേലത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ഉറപ്പായും അദ്ദേഹത്തിന് ഉയര്‍ന്ന തുക തന്നെ ലഭിക്കും. പഞ്ചാബിന് അദ്ദേഹത്തെ സ്വന്തമാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല,’ എന്നായിരുന്നു ബാംഗറിന്റെ മറുപടി.

അതേസമയം, ഏതെല്ലാം താരങ്ങളെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഓരോ ടീമിനും എത്ര താരങ്ങളെ നിലനിര്‍ത്താമെന്ന് ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണയെന്ന പോലെ ഓരോ ടീമിനും നാല് താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുകയെങ്കില്‍ അത് ആരെല്ലാമായിരിക്കുമെന്ന് ആരാധകര്‍ ഇപ്പോഴേ കണക്കുകൂട്ടുകയാണ്.

നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ നാല് താരങ്ങളെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിക്കും. ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍സിയേറ്റെടുത്ത സൂര്യകുമാറിനെ ടീം ഉറപ്പായും നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ രോഹിത്തും ബുംറയും വാംഖഡെയില്‍ തന്നെ തുടര്‍ന്നേക്കും. ഹര്‍ദിക് പാണ്ഡ്യ തന്നെയാകും നാലാമന്‍.

 

എന്നാല്‍ രോഹിത് ശര്‍മ ടീം വിടാന്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിത് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പാളയത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഒരു റിപ്പോര്‍ട്ട് അവകാശപ്പെട്ടത്.

 

എന്നാല്‍ രോഹിത് ശര്‍മ ടീമിന്റെ ഭാഗമായി തുടരുമെന്നും ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ടീം വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 

Content highlight: Sanjay Bangar says Rohit Sharma will get very high price if he enters IPL Mega Auction