2019 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരം ഒരു ഇന്ത്യന്‍ ആരാധകനും മറക്കാന്‍ ഇടയില്ല. അവസാന നിമിഷം വരെ പൊരുതിയിട്ടും വിജയിക്കാന്‍ സാധിക്കാതെ പോയതോടെ ആരാധകരെല്ലാം കണ്ണീരണിഞ്ഞിരുന്നു.
എം.എസ്. ധോണി റണ്‍ ഔട്ടായപ്പോള്‍ അമ്പയറായിരുന്ന റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ ഭാവം മാത്രം മതിയായിരുന്നു ഇന്ത്യയുടെ ഭാവി നിര്‍ണയിക്കപ്പെട്ടു എന്ന് മനസിലാക്കാന്‍.
ഈ മത്സര ശേഷം ആരാധകര്‍ മാത്രമായിരുന്നില്ല ഇന്ത്യന്‍ താരങ്ങളും പൊട്ടിക്കരഞ്ഞിരുന്നു എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ചായ സഞ്ജയ് ബാംഗര്‍. സെമിയില്‍ പുറത്തായത് ഹൃദഭേദകമായിരുന്നുവെന്നും ധോണി അടക്കമുള്ള താരങ്ങള്‍ കരഞ്ഞിരുന്നുവെന്നും ബാംഗര്‍ പറഞ്ഞു.
‘ഇന്ത്യ മികച്ച ക്രിക്കറ്റാണ് കളിച്ചിരുന്നത് എന്നതിനാല്‍ തന്നെ താരങ്ങളെ സംബന്ധിച്ച് ആ തോല്‍വി ഹൃദയഭേദകമായിരുന്നു. ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ച ഞങ്ങള്‍ ഇത്തരത്തില്‍ പുറത്താകേണ്ടി വരുന്നത് ഒരിക്കലും നല്ലതായിരുന്നില്ല.
കുട്ടികളെ പോലെയാണ് പല താരങ്ങളും കരഞ്ഞത്. എം.എസ്. ധോണി ചെറിയ കുട്ടികളെ പോലെ പൊട്ടിക്കരയുകയായിരുന്നു. റിഷബ് പന്തിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും കണ്ണുനിറഞ്ഞിഞ്ഞിരുന്നു. ഇത്തരം കഥകളെല്ലാം ഡ്രസ്സിങ് റൂമില്‍ തന്നെ അവശേഷിക്കുകയാണ്,’ ബാംഗര്‍ പറഞ്ഞു.
ധര്‍മശാലയില്‍ വെച്ച് ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരം നടക്കുന്നതിനിടെയാണ് ബാംഗര്‍ 2019 ലോകകപ്പ് സെമി ഫൈനലിന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.
2019ല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് റോസ് ടെയ്‌ലറിന്റെയും കെയ്ന്‍ വില്യംസണിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെ വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ കൂടാരം കയറിയിരുന്നു. ഒരു റണ്‍സ് മാത്രമാണ് മൂവരും നേടിയത്.
എന്നാല്‍ നാലാമനായി ഇറങ്ങിയ റിഷബ് പന്തും ആറാം നമ്പറില്‍ ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യയും 32 റണ്‍സ് വീതം നേടി ചെറുത്തുനിന്നു. ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും ധോണിയും ചേര്‍ന്ന് 116 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.