മുംബൈ: സിംബാവെ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മുന്‍ താരം സഞ്ജയ് ബംഗാറിനെ നിയമിച്ചു. രവി ശാസ്ത്രിയുടെ കീഴില്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു ബംഗാര്‍. അഭയ് ശര്‍മയെ പുതിയ ഫീല്‍ഡിംഗ് കോച്ചായും ബി.സി.സി.ഐ നിയമിച്ചിട്ടുണ്ട്.
ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായ ബംഗാറിനെ രവി ശാസ്ത്രി പദവി ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ ടീമിന്റെ പരിശീലകനാക്കുന്നത്. രവി ശാസ്ത്രിയുടെ കീഴില്‍ ബംഗാര്‍ ബാറ്റിങ് പരിശീലകനും ആര്‍.ശ്രീധര്‍ ഫീല്‍ഡിങ് പരിശീലകനും ഭരത് അരുണ്‍ ബോളിങ് പരിശീലകനുമായിരുന്നു.
മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ സിംബാവെയില്‍ കളിക്കുക. ജൂണ്‍ 11നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂണ്‍ 10 ആണെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ജൂലൈയില്‍ ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് പുതിയ കോച്ചിന്റെ കാര്യത്തില്‍ തീരുമാനമാകും.