| Monday, 6th March 2017, 9:05 pm

പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോഹ്‌ലി പഠിക്കേണ്ടിയിരിക്കുന്നെന്ന് ഇന്ത്യന്‍ ബാറ്റിംങ് കോച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍. കോഹ്‌ലി വിജയങ്ങളില്‍ നിന്നു മത്രമല്ല പരാജയങ്ങളില്‍ നിന്നും പാഠം ഉല്‍ക്കൊള്ളാന്‍ പഠിക്കേണ്ടിയിരിക്കുന്നെന്നും മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും വിജയ സാധ്യത ഒരു പോലെയാണെന്നും മുന്‍ ഇന്ത്യന്‍ താരം കൂടിയായ ബംഗാര്‍ പറഞ്ഞു.


Also read മോദി ഒരു വയസ്സനാണ്; നമുക്കാവശ്യം യുവാക്കളുടെ സര്‍ക്കാരിനെയാണ്: രാഹുല്‍ ഗാന്ധി


പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദയനീയമായിരുന്ന ഇന്ത്യന്‍ ബാറ്റിംങ് നിര ബംഗളൂരു ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സിലും നിരാശപ്പെടുത്തിയതോടെയാണ് ബാറ്റിങ് പരിശീലകന്‍ ടീമിനെക്കുറിച്ചുള്ള അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ 105, 107 റണ്‍സുകള്‍ക്ക് പുറത്തായ ടീം ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 187 റണ്‍സിനുമായിരുന്ന പുറത്തായത്.

പരമ്പരയില്‍ നാലാം തവണയും പരാജയപ്പെട്ട കോഹ്‌ലിയെ നായകസ്ഥാനം സമ്മര്‍ദ്ദത്തിന് അടിമയാക്കുന്നതായി കരുതുന്നില്ലെന്നും ബംഗാര്‍ പറഞ്ഞു. രണ്ടാം ടെസ്റ്റിന്റെ മൂന്നാ ദിനത്തില്‍ ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വരുന്ന കാഴ്ചയ്ക്കാണ് ചിന്നസ്വാമി സ്റ്റേഡിയം ഇന്നു സാക്ഷ്യം വഹിച്ചത്. ആറിന് 237 റണ്‍സ് എന്ന നിലയില്‍ ബാറ്റിംങ് പുനരാരംഭിച്ച ഓസീസിന് അധിക നേരം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യക്കായി ജഡേജ ആറു വിക്കറ്റുകള്‍ വിഴ്ത്തിയപ്പോള്‍ ഓസീസ് ഇന്നിംങ്‌സ് 276 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

87 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡു വഴങ്ങിയ ഇന്ത്യ നിലവില്‍ 126 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. 79റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 40 റണ്‍സുമായി അജിങ്ക്യാ രഹാനെയുമാണ് ക്രിസില്‍. തുടര്‍ച്ചയായി രണ്ടാം ഇന്നിങ്‌സിലും അഭിനവ് മുകുന്ദ് പരാജയപ്പെട്ടങ്കിലും ലോകേഷ് രാഹുല്‍ 51 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രാഹുലിന് പുറമേ മുകുന്ദ്(6), കോഹ്‌ലി(15), ജഡേജ(2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

We use cookies to give you the best possible experience. Learn more