നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കമ്മ്യൂണിറ്റിയേയോ വ്യക്തിപരമായോ ബാധിക്കുന്നില്ല; വാലിബനിലെ തേനമ്മ
Entertainment
നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കമ്മ്യൂണിറ്റിയേയോ വ്യക്തിപരമായോ ബാധിക്കുന്നില്ല; വാലിബനിലെ തേനമ്മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st February 2024, 11:15 pm

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രം ആദ്യദിനം തിയേറ്ററിൽ സമ്മിശ്ര പ്രതികണമാണ് നേടിയതെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മികച്ച അഭിപ്രായം നേടിയിരുന്നു.

ചിത്രത്തിൽ തേനമ്മയെന്ന കഥാപാത്രമായത് സഞ്ജന ചന്ദ്രൻ ആയിരുന്നു. മലയാളത്തിൽ ആദ്യമായി ഒരു മുഴുനീള വേഷത്തിൽ എത്തുന്ന ട്രാൻസ് വുമണാണ് സഞ്ജന. ചിത്രത്തിലെ സഞ്ജനയുടെ വേഷം ഒരു നെഗറ്റീവ് ഷേഡിലാണ് അവതരിക്കപ്പെട്ടിട്ടുള്ളത്.

ന്യൂനപക്ഷങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇത്തരമൊരു കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ അതിനെക്കുറിച്ച് ആലോചിച്ചിരുന്നോ എന്ന ചോദ്യത്തിന് ഡൂൾ ന്യൂസിനോട് മറുപടി പറയുകയാണ് സഞ്ജന.

അതൊരു കമ്മ്യൂണിറ്റിയേയോ സമകാലിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമയല്ലെന്നും ആർട്ടിസ്റ്റ് എന്ന നിലയിൽ അതൊരു കഥാപാത്രമാണെന്നും സഞ്ജന പറയുന്നു. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും താരം കൂട്ടിച്ചേർത്തു.

‘എന്നെ സംബന്ധിച്ച് ഒരു സിനിമയാണെങ്കിലും ആർട്ട് ആണെങ്കിലും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അതൊരു കഥാപാത്രമാണ്. അതൊരു കമ്മ്യൂണിറ്റിയെ ബാധിക്കുന്നതോ അല്ലെങ്കിൽ ഒരു സമകാലിക വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയോ അല്ല. അതുകൊണ്ടുതന്നെ ഒരു നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ചാൽ അതെന്റെ കമ്മ്യൂണിറ്റിയേയോ എന്റെ വ്യക്തിപരമായ ജീവിതത്തെയോ ബാധിക്കുന്നില്ല.

നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ഞാൻ. പൊതുവേ നല്ല കഥാപാത്രങ്ങളെക്കാൾ നമുക്ക് ചെയ്യാൻ സാധിക്കുന്നത് നെഗറ്റീവ് കഥാപാത്രങ്ങളാണ്. രംഗ റാണിയുടെ തേര് നയിക്കുന്ന ഒരു തോഴി എന്ന നിലയിലാണെങ്കിൽ പ്രേക്ഷകർ ഒരുപക്ഷെ എന്നെ സ്വീകരിക്കാൻ ഇടയില്ല. മറിച്ച് ഈയൊരു കഥയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോവുന്നത് തേനമ്മയാണ്. അതുകൊണ്ട് തന്നെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

ആളുകൾ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുപോലെ തന്നെ ഈ സിനിമയിലൂടെ സംഭവിച്ചു എന്നതാണ് സത്യം,’സഞ്ജന പറയുന്നു.

Content Highlight: Sanjana Chandran Talk About Her Character In Malaikotte Valiban