| Tuesday, 21st February 2023, 9:15 am

വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരെ വില്ലനെന്നോ ഹീറോയെന്നോ മുദ്രകുത്തേണ്ടതില്ല: സാനിയ മിര്‍സ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കണമെന്നും താനൊരു വിമതയോ ട്രെന്‍ഡ് സെറ്ററോ അല്ലെന്നും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. താന്‍ സ്വന്തം നിബന്ധനകള്‍ക്കനുസരിച്ചാണ് ജീവിക്കുന്നത്. വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരെ വില്ലനെന്നോ ഹീറോയെന്നോ മുദ്രകുത്തേണ്ടതില്ലെന്നും സാനിയ മിര്‍സ പറഞ്ഞു. ടെന്നീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാനിയയുടെ പരാമര്‍ശം.

‘നിയമങ്ങള്‍ ലംഘിച്ചുവെന്ന് കരുതുന്നില്ല. ഞാന്‍ എന്നോട് തന്നെ സത്യസന്ധത പുലര്‍ത്താനാണ് ശ്രമിച്ചത്. നിയമങ്ങള്‍ ലംഘിച്ചൂവെന്ന് തോന്നിയെങ്കില്‍ അതിനര്‍ത്ഥം ഞാനൊരു വിമതയാണെന്നോ ട്രെന്‍ഡ് സെറ്ററാണെന്നോ അല്ല. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഇന്ന് എന്നെ ഞാനാക്കി മാറ്റി,’ സാനിയ മിര്‍സ പറഞ്ഞു.

വിധിവിലക്കുകള്‍ എല്ലാ സമുദായത്തിലുമുണ്ടെന്നും മുസ്‌ലിം വിഭാഗത്തില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം വിലക്കുകളുണ്ടായോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സാനിയ മിര്‍സ പറഞ്ഞു.

‘ഇത് കേവലം മുസ്‌ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇക്കാര്യത്തില്‍ നമ്മള്‍ നേര്‍ക്കുനേര്‍ ചിന്തിക്കേണ്ടതുണ്ട. ഉപഭൂഖണ്ഡത്തിലെ പ്രശ്‌നമായിരിക്കാം. അല്ലെങ്കില്‍ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള ധാരാളം യുവതികള്‍ കളിക്കേണ്ടതായിരുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സ്ത്രീ അമ്മയാകുന്നതിലൂടെ കരിയര്‍ അവസാനിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും അമ്മയായും ഭാര്യയായും നിന്നുകൊണ്ടുതന്നെ ലോകചാമ്പ്യനാകാനാകുമെന്നും സാനിയ മിര്‍സ പറഞ്ഞു.

കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന ഓപ്പണ്‍ ടെന്നീസ് മത്സരം തന്റെ കരിയറിലെ അവസാന മത്സരമാകുമെന്ന് സാനിയ മിര്‍സ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോര്‍ട്ടിനകത്തും പുറത്തും നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്ന താരമാണ് സാനിയ മിര്‍സ. ജീവിതരീതിയുടേയും വസ്ത്രത്തിന്റേയും വിവാഹത്തിന്റേയും പേരില്‍ വിമര്‍ശനങ്ങള്‍ക്ക് സാനിയ ഇരയായിട്ടുണ്ട്. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തുന്നത് 2003ലാണ്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ വനിത ടെന്നീസിന്റെ മുഖവും മേല്‍വിലാസവും സാനിയയിലായി. ആറ് ഗ്രാന്‍സ്ലാം ട്രോഫികള്‍ ഉള്‍പ്പടെ 43 മേജര്‍ കിരീടങ്ങളാണ് സാനിയ സ്വന്തമാക്കിയത്.

Content Highlight: Saniya Mirsa says she lives according to her terms and she is not a rebel

We use cookies to give you the best possible experience. Learn more