കൊച്ചി: ചെറിയ പ്രായത്തില്‍ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയയാളാണ് സാനിയ ഇയ്യപ്പന്‍.
പലരും വളരെ കൗതുകത്തോടെ കേട്ട പേര് കൂടിയാണ് സാനിയയുടേത്. തന്റെ പേരിനെപ്പറ്റിയുള്ള കഥ പറയുകയാണ് സാനിയ. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ്സുതുറന്നത്.
‘അച്ഛന്റെ പേര് അയ്യപ്പന്‍. എഞ്ചീനിയറാണ്. കൊച്ചിയാണ് നാട്. ചെന്നൈയിലാണ് അച്ഛന്‍ ജനിച്ചതും വളര്‍ന്നതും. അവിടെ അയ്യപ്പന് ‘A’യ്ക്ക് പകരം ‘I’യാണ് ഉപയോഗിക്കുന്നത്. വിക്കിപീഡിയയില്‍ ഇയ്യപ്പനുമായി. അമ്മയുടെ പേര് സന്ധ്യയെന്നാണ്. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യക്ഷരങ്ങളില്‍ നിന്നാണ് എനിക്ക് പേരിട്ടത്,’ സാനിയ പറഞ്ഞു.
ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ച സാനിയയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ലൂസിഫറി’ല്‍ സാനിയ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളുടെ വേഷമാണ് സാനിയ ചെയ്തത്. ലൊക്കേഷനില്‍ മഞ്ജു ചേച്ചി തന്നെ വളരെയധികം സഹായിച്ചിരുന്നുവെന്നും സാനിയ പറഞ്ഞു.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു ചേച്ചിയെന്നും നിഷ്‌കളങ്കമായ പെരുമാറ്റമാണെന്നും സാനിയ പറഞ്ഞു. സീന്‍ ശരിയായോ എന്ന് ചേച്ചിയോട് ചോദിക്കുമ്പോള്‍ നന്നായിട്ടുണ്ട് മോളെ എന്നാണ് മറുപടി പറയുകയെന്നും സാനിയ പറയുന്നു.
‘എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്. അത് എനിക്ക് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിയ്ക്ക് കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ല.
ഒരുപാട് സിനിമയില്‍ ഒപ്പം അഭിനയിക്കാന്‍ തോന്നും.
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു ചേച്ചി. ലൂസിഫറില്‍ നിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താല്‍പ്പര്യം,’ സാനിയ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ മമ്മൂട്ടി ചിത്രം പ്രീസ്റ്റിലും ശ്രദ്ധേയമായ വേഷം സാനിയ ചെയ്തിരുന്നു.
കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രമാണ് സാനിയയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ അതിഗംഭീരപ്രകടനമാണ് താരം നടത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Saniya Iyyappan Reveals Story Behind Her Name