| Thursday, 23rd March 2023, 2:22 pm

അന്ന് 16 വയസ് മാത്രമാണ് പ്രായം, ഇത്രയും വെറുപ്പ് വന്നപ്പോള്‍ സിനിമ എനിക്ക് പറ്റിയ ഇടമല്ലെന്ന് പോലും തോന്നി: സാനിയ ഇയ്യപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്വീന്‍ സിനിമക്ക് ശേഷം വന്ന ട്രോളുകള്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് സാനിയ ഇയ്യപ്പന്‍. അന്ന് 16 വയസ് മാത്രമായിരുന്നു പ്രായമെന്നും ട്രോളുകള്‍ കണ്ട് തനിക്ക് പറ്റിയ ഇടമല്ല സിനിമ എന്ന് തോന്നിയിരുന്നുവെന്നും സാനിയ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതിസന്ധി ഘട്ടത്തെ പറ്റി സാനിയ സംസാരിച്ചത്.

‘ക്വീന്‍ എന്ന സിനിമക്ക് ശേഷം ആളുകള്‍ക്ക് എന്നോട് വലിയ വെറുപ്പ് ആയിരുന്നു. സത്യം പറഞ്ഞാല്‍ ട്രോളുകള്‍ കാരണമാണ് ഞാന്‍ സാനിയ ഇയ്യപ്പനായത്. ട്രോളുകളില്‍ നിന്നുമാണ് ചിന്നു എന്ന കഥാപാത്രം കുറെ ആളുകളിലേക്ക് എത്തുന്നത്. ഇത് എനിക്ക് പറ്റിയ സ്‌പേസ് അല്ല എന്ന് പോലും ഞാന്‍ ചിന്തിച്ചു.

എനിക്ക് അന്ന് 16 വയസ് മാത്രമാണ് പ്രായം. 15 വയസുള്ളപ്പോഴാണ് ക്വീന്‍ ചെയ്യുന്നത്. പത്ത് പന്ത്രണ്ട് ചേട്ടന്മാരുള്ള സെറ്റില്‍ 15 വയസുള്ള ഞാന്‍ ആ കഥാപാത്രം ചെയ്യുന്നത് എനിക്ക് ഒരു ബിഗ് ഡീലായിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ എന്നെ വെറുക്കുന്നതെന്ന് മനസിലായില്ല. പിന്നെ ഈ ഒരു യാത്രയുടെ ഭാഗമാണ് അതെന്ന് എനിക്ക് മനസിലായി.

ക്വീന്‍ ഇറങ്ങിയതിന് ശേഷം എനിക്ക് വേറെ സിനിമകളൊന്നും വന്നിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ആശിര്‍വാദ് സിനിമാസില്‍ നിന്നും കോള്‍ വരുന്നത്. അന്ന് വലിയ സന്തോഷമായിരുന്നു. എനിക്ക് കഥാപാത്രമോ കഥയോ ഒന്നും കേള്‍ക്കണമെന്നില്ലായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചാല്‍ മതി.

സ്‌ക്രിപ്റ്റിലെ എന്റെ ഭാഗങ്ങള്‍ പറഞ്ഞതിന് ശേഷം അത് കഴിഞ്ഞ് രാജു ചേട്ടന്‍ ഒരു കാര്യമാണ് എന്നോട് പറഞ്ഞത്. ക്വീനില്‍ ഒരു ഹീറോയിന്‍ മെറ്റീരിയലായിരുന്നു, സാനിയ രണ്ട് കാര്യം ആലോചിക്കണം, വീണ്ടും ചൈല്‍ഡ് ആര്‍ട്ടിസ്റ്റാവും, 18 ഓ 19 ഓ വയസുള്ള കഥാപാത്രമാണ്, കുട്ടി എന്നുള്ള പേര് വരും, ഈ റോള്‍ എടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ലൂസിഫര്‍ കഴിഞ്ഞ് രാജു ചേട്ടന്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് മനസിലായി. അതിന് ശേഷം കുട്ടിയായാണ് എല്ലാവരും എന്നെ കണ്ടത്. സാനിയ ഇപ്പോഴും കുഞ്ഞുകുട്ടിയായത് കൊണ്ടാണ് ആ ക്യാരക്ടറിന് വേണ്ടി വിളിക്കാഞ്ഞത് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്,’ സാനിയ പറഞ്ഞു.

Content Highlight: saniya iyyappan about trolls after queen

We use cookies to give you the best possible experience. Learn more