|

അവർ വലിയ റേസിസ്റ്റുകൾ ആയിരുന്നു, ഒടുവിൽ ഞാൻ പഠനം ഉപേക്ഷിച്ചു: സാനിയ അയ്യപ്പൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പൻ. ബാലതാരമായെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുള്ള സാനിയ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ക്വീൻ എന്ന ചിത്രത്തിലാണ്.

പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ മുൻനിര അഭിനേതാക്കളോടൊപ്പമെല്ലാം സാനിയക്ക് സിനിമകൾ ചെയ്യാൻ സാധിച്ചു. സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.

ഈയിടെ തന്റെ വിദേശ പഠനം ഉപേക്ഷിച്ച് സാനിയ കേരളത്തിലേക്ക് തിരിച്ചുവന്നിരുന്നു. റേസിസം കാരണമാണ് താൻ അവിടുത്തെ പഠനം ഉപേക്ഷിച്ചതെന്ന് സാനിയ പറയുന്നു. ഒരുപാട് കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്നതെന്നും എന്നാൽ ലോണും മറ്റുമെടുത്ത് പോകുന്ന കുട്ടികൾക്ക് പിന്നെ തിരിച്ച് വരാൻ പറ്റാത്ത അവസ്ഥയാണെന്നും സാനിയ പറഞ്ഞു.

ലോണെടുത്ത് വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഒരു എൻജോയ്മെന്റ് ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല
– സാനിയ അയ്യപ്പൻ

താൻ പഠിച്ചിരുന്ന സമയത്ത് ഒപ്പം പഠിച്ചിരുന്നവർ ബ്രിട്ടീഷ് കൗമാര കുട്ടികളായിരുന്നുവെന്നും അവരെല്ലാം വളരെ റേസിസ്റ്റുകൾ ആയിരുന്നുവെന്നും സാനിയ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയിരുന്നു സാനിയ.

‘ഒരുപാട് കുട്ടികൾ വലിയ ആകാംക്ഷയോടെയാണ് വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്നത്. പക്ഷെ പിന്നെ അവർക്ക് തിരിച്ച് വരാനുള്ള ഓപ്‌ഷനില്ല. എനിക്കാനൊരു ഓപ്‌ഷൻ ഉള്ളതുകൊണ്ട് ഞാൻ തിരിച്ച് വന്നു. അല്ലെങ്കിൽ അവിടെപ്പോയി പെട്ടേനെ. തീർച്ചയായിട്ടും അങ്ങനെയാണ്. ലോണും അതുമിതുമൊക്കെ എടുത്ത് പോകുന്ന കുട്ടികൾക്ക് ഒരു എൻജോയ്മെന്റ് ടൈം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല.

കാരണം ബാക്ക് റ്റു ബാക്ക് പ്രൊജക്റ്റ് വർക്കുകളും അല്ലെങ്കിൽ പാർട്ട് ടൈം വർക്കുകളും ഉണ്ടാവും. ഞാൻ തന്നെ അങ്ങനെ കുറേപ്പേരെ കണ്ടിട്ടുണ്ട്. എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചാൽ ലണ്ടനിൽ ആണെന്ന് പറയാം. അത്രയേയുള്ളൂ. ബാക്കിയെല്ലാം സ്ട്രഗിൾ തന്നെയാണ്. ഞാൻ തന്നെ കണ്ടിട്ടുണ്ട്, നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് കിട്ടിയാൽ ചില കുട്ടികളുടെ എക്‌സൈറ്റ്മെന്റ്.

ഞാൻ അവിടെ പഠിക്കുമ്പോൾ എനിക്ക് ഓൾറെഡി 21 വയസുണ്ട്. പക്ഷെ എന്റെ ബാച്ചിൽ ഉണ്ടായിരുന്നത് പതിനാറും പതിനേഴും വയസുള്ള ബ്രിട്ടീഷ് കുട്ടികളായിരുന്നു. അവർ വലിയ റേസിസ്റ്റുകൾ ആയിരുന്നു. അവിടെയുള്ള പഠനം ഉപേക്ഷിക്കാൻ ഈ റേസിസവും ഒരു കാരണമായിരുന്നു,’സാനിയ അയ്യപ്പൻ പറയുന്നു.

ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി വരാനിരിക്കുന്ന സാനിയയുടെ സിനിമ. മനു അശോകൻ സംവിധാനം ചെയ്യുന്ന ഐയ്‌സ് എന്നൊരു വെബ്സീരീസും വരാനിരിക്കുന്നുണ്ട്.

Content Highlight: Saniya Iyyappan About Racism And Foreign Education