ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പല കഥാപാത്രങ്ങളിലൂടെ സാനിയ പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. സാനിയയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് ലൂസിഫറിലെ ജാന്‍വി.
ഈ കഥാപാത്രം ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും പിന്നീട് പൃഥ്വിരാജ് പറഞ്ഞുമനസിലാക്കുകയായിരുന്നുവെന്നും പറയുകയാണ് സാനിയ. കഥാപാത്രം ചെയ്യാമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നുവെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.
‘ക്വീന്‍ ഇറങ്ങി കഴിഞ്ഞ് കുറെ നാളത്തേക്ക് എനിക്ക് സിനിമ ഒന്നും വരുന്നില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ആശിര്‍വാദ് സിനിമാസില്‍ നിന്നും കോള്‍ വരുന്നത്. അന്ന് വലിയ സന്തോഷമായിരുന്നു. എനിക്ക് കഥാപാത്രമോ കഥയോ ഒന്നും കേള്‍ക്കണമെന്നില്ലായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചാല്‍ മതി.
ഞാനും അമ്മയും കൂടിയാണ് കഥ കേള്‍ക്കാന്‍ പോയത്. ഞങ്ങള്‍ കാറില്‍ ഇരിക്കുകയാണ്. രാജു ചേട്ടന്‍ ഗ്ലാസില്‍ വന്ന് തട്ടിയിട്ട് ഒരു ഷോട്ടും കൂടിയുണ്ട്, അത് കഴിഞ്ഞ് വരാമെന്ന് പറഞ്ഞു. ഞാന്‍ എപ്പോള്‍ വേണമെങ്കിലും വരാന്‍ റെഡിയായിട്ടിരിക്കുവായിരുന്നു.
കുറച്ച് കഴിഞ്ഞ രാജു ചേട്ടന്‍ വന്നു. കാരവാനില്‍ കയറി സ്‌ക്രിപ്റ്റിലെ എന്റെ ഭാഗം പറഞ്ഞു. അത് കഴിഞ്ഞ് അദ്ദേഹം ഒരു കാര്യമാണ് എന്നോട് പറഞ്ഞത്. ക്വീനില്‍ ഒരു ഹീറോയിന്‍ മെറ്റീരിയലായിരുന്നു, സാനിയ രണ്ട് കാര്യം ആലോചിക്കണം, വീണ്ടും ചൈല്‍ഡ് ആര്‍ട്ടിസ്റ്റാവും, 18 ഓ 19 ഓ വയസുള്ള കഥാപാത്രമാണ്, കുട്ടി എന്നുള്ള പേര് വരും, ഈ റോള്‍ എടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എനിക്ക് ആ കഥാപാത്രം ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം അങ്ങനെ ഒരു എക്‌സ്പീരിയന്‍സ് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ എനിക്ക് ആ റോള്‍ ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞുമനസിലാക്കി. അങ്ങനെ ആ കഥാപാത്രം ഞാന്‍ ചെയ്തു.
പക്ഷേ ലൂസിഫര്‍ കഴിഞ്ഞ് രാജു ചേട്ടന്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് മനസിലായി. അതിന് ശേഷം കുട്ടിയായാണ് എല്ലാവരും എന്നെ കണ്ടത്. സാനിയ ഇപ്പോഴും കുഞ്ഞുകുട്ടിയായത് കൊണ്ടാണ് ആ ക്യാരക്ടറിന് വേണ്ടി വിളിക്കാഞ്ഞത് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്,’ സാനിയ പറഞ്ഞു.
Content Highlight: saniya iyyappan about prithviraj and lucifer