മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പന്‍. ബാല്യകാലസഖി എന്ന സിനിമയില്‍ ഇഷ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു.
ഒപ്പം അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായും സാനിയ അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന സിനിമയിലൂടെയാണ് സാനിയ ആദ്യമായി നായികയായി എത്തുന്നത്. ആ സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മലയാളത്തിലെ മുന്‍നിര അഭിനേതാക്കളോടൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ സാനിയക്ക് സാധിച്ചു. മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് സിനിമയായ ലൂസിഫറിലെ ജാന്‍വി എന്ന കഥാപാത്രവും വലിയ ശ്രദ്ധ നേടിയിരുന്നു. ലൂസിഫര്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും താന്‍ പോകുന്നത് കൃത്യമായ ട്രാക്കിലാണെന്ന് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് സാനിയ അയ്യപ്പന്‍.
ലൂസിഫറിന്റെ സമയത്ത് താന്‍ പൃഥ്വിരാജിനോട് എങ്ങനെയാണ് ഒരു സിനിമയും കഥാപാത്രവും തെരഞ്ഞെടുക്കുന്നതന്നെ് ചോദിച്ചിട്ടുണ്ടെന്നും സാനിയ പറഞ്ഞു. അന്ന് അദ്ദേഹം പറഞ്ഞ കാര്യം തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തില്‍ സംസാരിക്കുകയായിരുന്നു സാനിയ അയ്യപ്പന്‍.
‘ഞാന്‍ ലൂസിഫര്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് ‘നീ പോകുന്ന ട്രാക്ക് കറക്ടാണ്’ എന്നായിരുന്നു. ലൂസിഫറിന്റെ സമയത്തൊക്കെ ഞാന്‍ രാജുവേട്ടനോട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു.
എങ്ങനെയാണ് ഒരു സിനിമയും കഥാപാത്രവും തെരഞ്ഞെടുക്കുന്നത് എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. അന്ന് രാജുവേട്ടന്‍ പറഞ്ഞ കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
ചില സ്‌ക്രിപ്റ്റുകള്‍ കേട്ട് കഴിഞ്ഞാല്‍ നമ്മള്‍ ചെയ്തില്ലെങ്കില്‍ പറ്റില്ലെന്ന് തോന്നും. അങ്ങനെ തോന്നുന്ന സ്‌ക്രിപ്റ്റുകള്‍ ഒരിക്കലും വിടരുത്. പക്ഷെ ഒരു സ്‌ക്രിപ്റ്റ് കേട്ട ശേഷം ഇത് വേറെ ആര്‍ക്കെങ്കിലും ചെയ്യാവുന്നതാണ് എന്ന് തോന്നിയാല്‍ അത് എടുക്കരുത്.
അത്തരം ഒരു ചിന്ത വന്നാല്‍ പിന്നെ ആ സ്‌ക്രിപ്റ്റ് എടുക്കാനേ പാടില്ല. പിന്നെ റീ തിങ്ക് ചെയ്യാനേ പാടില്ല. ചില സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുമ്പോള്‍ ഇത് നമ്മള്‍ തന്നെ ചെയ്യണമെന്ന് ഒറ്റയടിക്ക് തന്നെ തോന്നും,’ സാനിയ അയ്യപ്പന്‍ പറഞ്ഞു.
Content Highlight: Saniya Iyappan Talks About Prithviraj Sukumaran