| Friday, 4th November 2022, 3:16 pm

സംസാരിക്കുന്നതിന് മുമ്പ് ഞാന്‍ റോഷന്‍ ചേട്ടനെ ഒന്ന് നോക്കും, പുള്ളിയുടെ മൂഡ് ഓക്കെയാണെങ്കില്‍ മാത്രം അടുത്തേക്ക് ചെല്ലും: സാനിയ ഇയ്യപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കൂട്ടം സുഹൃത്തുകളുടെ കഥ പറഞ്ഞുകൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുള്ള സാനിയയുടെ രണ്ടാമത്തെ സിനിമയാണിത്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ റോഷന്‍ ചിത്രം സല്യൂട്ടിലും സാനിയ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുള്ള വര്‍ക്കിങ് എക്‌സ്പീരിയന്‍സ് പങ്കുവെക്കുകയാണ് ഒരഭിമുഖത്തില്‍ സാനിയ. സല്യൂട്ടിന്റെ സമയത്ത് റോഷനുമായി അത്ര ക്ലോസായിരുന്നില്ലെന്നും സാറ്റര്‍ഡേ നൈറ്റിന്റെ സെറ്റിലെത്തിയപ്പോഴാണ് കൂടുതല്‍ അടുപ്പമുണ്ടാകുന്നതെന്നുമാണ് സാനിയ പറയുന്നത്.

സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മൂഡ് ഓക്കെയാണോയെന്ന് നോക്കിയ ശേഷമേ താന്‍ അടുത്തേക്ക് ചെല്ലാറുള്ളൂ എന്നും സാനിയ പറയുന്നു.

”എപ്പോഴും റോഷന്‍ ചേട്ടനുമായി സംസാരിക്കുന്നതിന് മുമ്പ് ഞാന്‍ പുള്ളിയെ കുറച്ചുനേരം ഒന്ന് നോക്കും. എന്താണ് പുള്ളിയുടെ മൂഡ് എന്ന്. ഓക്കെയാണെങ്കില്‍ അടുത്തേക്ക് ചെല്ലും.

ചിലപ്പോള്‍ റോഷന്‍ ചേട്ടന്‍ എന്തെങ്കിലും ഷൂട്ടിന്റെയൊക്കെ കാര്യങ്ങള്‍ കൊണ്ട് ഫ്രസ്‌ട്രേറ്റഡായി നില്‍ക്കുകയായിരിക്കും. അപ്പൊ ഭയങ്കരമായി ദേഷ്യപ്പെടും. ചില്ലാണെങ്കില്‍ പുള്ളി ഭയങ്കര ചില്ലാണ്.

ഷൂട്ടിന്റ സമയത്ത് പുള്ളി വേറൊരാളാണ്. പക്ഷെ അത് കഴിഞ്ഞാല്‍ നമ്മുടെ കൂടെത്തന്നെയുള്ള ഒരു ഫ്രണ്ടിനെ പോലെയാണ്. ഫുള്‍ ചില്ലിങ്ങാണ്.

ഞാന്‍ രണ്ട് സിനിമകള്‍ റോഷന്‍ ചേട്ടന്റെ കൂടെ ചെയ്തിട്ടുണ്ട്.

ആദ്യം സല്യൂട്ട് ചെയ്തപ്പോള്‍ പുള്ളിയുടെ കൂടെ കൂടുതല്‍ സമയം സ്‌പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നു. എനിക്ക് കുറച്ച് ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ പ്രാവശ്യം സാറ്റര്‍ഡേ നൈറ്റിലെത്തിയപ്പോള്‍ പുള്ളിയുമായി കുറച്ചുകൂടി ക്ലോസായി,” സാനിയ ഇയ്യപ്പന്‍ പറഞ്ഞു.

അതേസമയം, സാറ്റര്‍ഡേ നൈറ്റ് നവംബര്‍ നാലിന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

Content Highlight: Saniya Iyappan about Rosshan Andrrews and Saturday night movie

We use cookies to give you the best possible experience. Learn more