ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പൻ. ബാലതാരമായെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുള്ള സാനിയ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ക്വീൻ എന്ന ചിത്രത്തിലാണ്.
എന്നാൽ ഒരു നടിയെന്ന നിലയിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടാവുന്നത് ലൂസിഫറിൽ അഭിനയിച്ച ശേഷമാണെന്നും സാനിയ പറഞ്ഞു. ലൂസിഫർ കഴിയുന്നതോടെ തന്റെ കഥാപാത്രം ഉണ്ടാവില്ലെന്ന് കരുതിയെന്നും എന്നാൽ രണ്ടാംഭാഗമായ എമ്പുരാനിലും താൻ ഉണ്ടാവുമെന്നും സാനിയ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയിരുന്നു സാനിയ.
‘ഡാൻസിനോടായിരുന്നു ചെറുപ്പംതൊട്ടേ ഇഷ്ടം. അറിയപ്പെടുന്ന ഡാൻസറാകണം എന്നൊക്കെ ഉള്ളിലുണ്ടായിരുന്നു. ആ മോഹത്താൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തു. അതു കണ്ടിട്ട് ‘ക്വീൻ’ സിനിമയുടെ സംവിധായകൻ ഡിജോചേട്ടൻ വിളിച്ചു. ഓഡിഷനിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ടോയെന്ന് ചോദിച്ചു.
ഞാൻ ഓക്കെ പറഞ്ഞു. രണ്ടുവട്ടം ഓഡിഷനിൽ പങ്കെടുത്തു. രണ്ടാമത്തെ തവണ അവർ എന്നെ നായികയാക്കാൻ തീരുമാനിച്ചു. സിനിമയുടെ ഷൂട്ടിങ് നേരത്തേ തുടങ്ങിയിരുന്നു. ഏറ്റവും അവസാനമാണ് സിനിമയിലെ നായികയെ തീരുമാനിക്കുന്നത്. എന്നെ തെരഞ്ഞെടുക്കും മുമ്പേ ഒരു ടീസറും പുറത്തിറക്കി. അതിൽ ഒരു പെൺകുട്ടിയുടെ കൈ മാത്രം കാണിച്ചു. ക്വീൻ ഇറങ്ങിയതോടെ ഏറെ ശ്രദ്ധ കിട്ടി. പക്ഷേ, അപ്പോഴും സിനിമയിൽ തുടരണമെന്ന് തോന്നിയിരുന്നില്ല. ലൂസിഫർ ചെയ്തതോടെ ആത്മവിശ്വാസവും ധൈര്യവും കൈവന്നു.
എമ്പുരാനാണ് വരാനിരിക്കുന്നതിൽ ഏറ്റവും വലിയ സിനിമ. ജാൻവിയാകാൻ വീണ്ടും ക്ഷണിച്ചപ്പോൾ ഏറെ സന്തോഷം തോന്നി. ലൂസിഫർ കഴിയുന്നതോടെ എന്റെ റോളും തീരുമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഐയ്‌സ് എന്നൊരു വെബ്സീരീസും വരാനിരിക്കുന്നു. മനു അശോകനാണ് സംവിധാനം. സൊർഗവാസൽ എന്ന തമിഴ്‌ചിത്രവും ഉടനെ പുറത്തിറങ്ങും,’സാനിയ അയ്യപ്പൻ പറയുന്നു.
Content Highlight: Saniya Ayyappan About Lucifer