ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പൻ. ബാലതാരമായെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുള്ള സാനിയ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ക്വീൻ എന്ന ചിത്രത്തിലാണ്.
പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ മുൻനിര അഭിനേതാക്കളോടൊപ്പമെല്ലാം സാനിയക്ക് സിനിമകൾ ചെയ്യാൻ സാധിച്ചു. സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ വർഷം സാനിയ സിനിമയിൽ അത്ര സജീവമല്ലായിരുന്നു. 2024 തനിക്കത്ര സുഖമുള്ള വർഷമായിരുന്നില്ലെന്നും മാനസികമായും ശാരീരികമായും ഒട്ടും ഓക്കെയല്ലായിരുന്നു താനെന്നും സാനിയ പറയുന്നു. പുറത്തെവിടെ പോകുമ്പോഴും എല്ലാവർക്കും തന്നോട് ചോദിക്കാൻ ഉണ്ടായിരുന്നത് ഇപ്പോൾ സിനിമയില്ലേ എന്ന ചോദ്യമായിരുന്നെന്നും അത് തന്നെ വല്ലാതെ ബാധിച്ചെന്നും സാനിയ പറയുന്നു. ആ ചോദ്യം വല്ലാതെ വേട്ടയാടാൻ തുടങ്ങിയപ്പോൾ പിന്നെ അധികം പുറത്തേക്ക് ഇറങ്ങാതായെന്നും സാനിയ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സാനിയ.
‘2024 എനിക്കത്ര സുഖകരമായ വർഷമായിരുന്നില്ല. മാനസികമായും ശാരീരികമായുമെല്ലാം ഞാൻ ഒട്ടും ഒക്കെയല്ലായിരുന്നു. നമ്മൾ അതിൽ തന്നെ നിന്ന് സ്ട്രെസ് കൊടുത്തുകൊണ്ടിരുന്നാൽ സ്വന്തം വ്യക്തിത്വം തന്നെ നഷ്ടമാവുമെന്ന ഒരു തിരിച്ചറിവ് ഉണ്ടായ വർഷമാണ് 2024. ഞാൻ പുറത്ത് എവിടെ പോവുകയാണെങ്കിലും, അതിപ്പോൾ കസിൻസിൻറെ അടുത്താവട്ടെ, അല്ലെങ്കിൽ മാറ്റേതെങ്കിലും പരിപാടിയാവട്ടെ, അവിടെയൊക്കെ ചെന്നാൽ എല്ലാവർക്കും എന്നോട് ഒരു കാര്യമേ ചോദിക്കാനുള്ളൂ.
‘ഇപ്പോൾ സിനിമയില്ലേ’? ഇനി ഞാൻ ആ പരിപാടിക്ക് പോയില്ലെങ്കിലും എല്ലാവരും ചോദിക്കുക, ‘സാനിയ വന്നില്ലേ’, പോവുകയാണെങ്കിൽ, ‘ഓ ഇപ്പോൾ സിനിമയൊന്നുമില്ല’ എന്നൊരു സംസാരവുമാണ്. അതെന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങി. ആ ചോദ്യം എന്നെ വല്ലാതെ ബാധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പിന്നെ എവിടെയും പോവാതെയായി,’സാനിയ അയ്യപ്പൻ പറയുന്നു.
ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി വരാനിരിക്കുന്ന സാനിയയുടെ സിനിമ. മനു അശോകൻ സംവിധാനം ചെയ്യുന്ന ഐയ്‌സ് എന്നൊരു വെബ്സീരീസും വരാനിരിക്കുന്നുണ്ട്.
Content Highlight: Saniya Ayyappan About Her Career In 2024