| Friday, 19th June 2020, 10:15 pm

സാനിറ്റൈസര്‍ ഇനി വെറുതെ ഉണ്ടാക്കാന്‍ പറ്റില്ല; ലൈസന്‍സില്ലെങ്കില്‍ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയെന്ന് റിപ്പോര്‍ട്ട്. അനുമതിയില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മിച്ചാല്‍ നടപടിയെടുക്കും. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും വ്യാപകമായതോടെയാണ് നടപടിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ.ജെ ജോണ്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചില്ലറ വ്യാപാരികള്‍ 20 എ ലൈസന്‍സും മൊത്ത വിതരണ ഏജന്‍സികള്‍ 20 ബി ലൈസന്‍സും എടുക്കണം. സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള ചില്ലറവില്‍പനകള്‍ക്കും 20 എ ലൈസന്‍സ് എടുക്കണം. മരുന്ന് വിതരണക്കാര്‍ക്കും വില്‍പനക്കാര്‍ക്കും ലൈസന്‍സുള്ളതിനാല്‍ പുതിയ നിബന്ധന ബാധകമല്ല.

കോഴിക്കോട്, തൃശൂര്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ ദിവസം ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് സാനിറ്റൈസര്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം അണുനശീകരണം സാധ്യമല്ലാത്ത സാനിറ്റൈസര്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

We use cookies to give you the best possible experience. Learn more