| Tuesday, 13th September 2022, 2:17 pm

തിരുവനന്തപുരത്ത് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ധാരണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തില്‍ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ തീരുമാനം. ഇവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സി.പി.ഐ.എം, സി.ഐ.ടി.യു ജില്ലാ നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തിരുവനന്തപുരം നഗരസഭയില്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും നാല് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെയുള്ള നടപടിക്ക് പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് സി.പി.ഐ.എം നയമല്ലെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സി.ഐ.ടി.യുവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിന്റെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടിരുന്നു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സി.ഐ.ടി.യു കത്ത് നല്‍കുകയും ചെയ്തു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും വ്യക്തമാക്കിയിരുന്നു. ഓണാവധിക്ക് ശേഷം തിങ്കളാഴ്ച കോര്‍പ്പറേഷന്‍ ഓഫീസ് തുറക്കാനിരിക്കെയാണ് സി.ഐ.ടി.യു സമ്മര്‍ദം ശക്തമാക്കി രംഗത്തെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. അതേസമയം എന്തിന്റെ പേരിലായാലും ഭക്ഷണം വലിച്ചറിയുന്നത് തെറ്റാണെന്നും അവിവേകമാണെന്നും ആയിരുന്നു സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.

തിങ്കളാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ തള്ളിക്കൊണ്ട് പ്രതിഷേധിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടും, ഷിഫ്റ്റ് അവസാനിച്ചിട്ടും, ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്നാരോപിച്ചാണ് ഭക്ഷണം അവര്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്

മുദ്രാവാക്യം മുഴക്കി സദ്യ മാലിന്യത്തില്‍ തള്ളുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടിയെടുത്തിരുന്നു.

മനം നൊന്താണ് തങ്ങള്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. ഇതിന് പിന്നാലെ കോര്‍പ്പറേഷന്റെ നടപടിയെ വിമര്‍ശിച്ചും തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സോഷ്യല്‍ മീഡിയില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.

Content Highlight: Sanitation workers protest: Agreement to take back workers

We use cookies to give you the best possible experience. Learn more